വെള്ളറട: മലയോര ഹൈവേയുടെ നിര്മാണത്തിനു തടസമായി വെള്ളറട പോലീസ് സ്റ്റേഷനു മുന്നില് റോഡരികിൽ തടിക്കഷണങ്ങള് കൂട്ടിയിട്ടിരിക്കുന്നെന്ന് ആക്ഷേപം. ഇതുമൂലം റോഡിന്റെ ടാറിംഗിനോടുചേര്ന്ന ഭാഗത്തെ കോണ്ക്രീറ്റിനും ഓടനിര്മാണത്തിനും തടസങ്ങള് സൃഷ്ടിക്കുന്നതായി പരാതി.
മാസങ്ങള്ക്കുമുമ്പു കാരക്കോ ണം കൂനമ്പനയില് റോഡ് പുറമ്പോക്കില് നിന്നിരുന്ന ആഞ്ഞിലിമരം സ്വകാര്യ വ്യക്തി അനധികൃതമായി മുറിച്ചുമാറ്റി. നാട്ടുകാരുടെ ഇടപെടലുകളെത്തുടര്ന്ന് പൊതുമരാമത്ത് വകുപ്പ് തഹസില്ദാര്ക്കു പരാതി നല്കി സ്ഥലം അളന്നു തിട്ടപ്പെടുത്തി പുറമ്പോക്കാണെന്നു സ്ഥിരീകരിച്ചു. പിന്നീടുള്ള പരാതിയെത്തുടര്ന്നു വെള്ളറട പോലീസ് ലക്ഷങ്ങള് വിലവരുന്ന തടിക്കഷണങ്ങള് പിടികൂടി സ്റ്റേഷനു മുന്നിലെ റോഡില് കൊണ്ടിടുകയായിരുന്നു. അവയാണ് റോഡുപണിക്ക് തടസമാകുന്നത്. മലയോര ഹൈവേയുടെ ഒന്നാം റീച്ചിന്റെ രണ്ടാംഘട്ട ടാറിംഗ് കുടപ്പനമൂട് മുതല് ആനപ്പാറവരെയുള്ള ദൂരം പിന്നിട്ടു. കൂടാതെ പലയിടത്തും ഓടയ്ക്കു മുകളിലെ നടപ്പാതയൊരുക്കലും ടാറിംഗിനും ഓടയ്ക്കും ഇടയ്ക്കുള്ള ഭാഗത്തെ കോണ്ക്രീറ്റ് ചെയ്യലും നടന്നുവരുകയാണ്. സ്ഥലനാമ സൂചികാ ബോര്ഡുകളും അപകട മുന്നറിയിപ്പ് ബോര്ഡുകളും സ്ഥാപിച്ചുതുടങ്ങി. വെള്ളറട കവലയില് കുറച്ചുദൂരത്ത് സ്വകാര്യ തര്ക്കംമൂലം ഓടനിര്മാണം നിര്ത്തിവെച്ച നിലയിലാണ്. ഇവിടെ റോഡുപണി സുഗമമാക്കുന്നതിനുള്ള നടപടികള് അധികൃതര് സ്വീകരിക്കണമെന്നും വിലപിടിപ്പുള്ള മരക്കഷ്ണങ്ങള് ലേലംചെയ്തു നല്കണമെന്നുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.