കാഴ്ചക്കാർ "ഭയചകിതരായി'; ഫയർഫോഴ്സ് മോക്ഡ്രിൽ നടത്തി
1300690
Wednesday, June 7, 2023 12:12 AM IST
പേരൂർക്കട: കാഴ്ചക്കാരെ "ഭയചകിതരാക്കി'ക്കൊണ്ട് ഫയർഫോഴ്സ് സംഘം കുടപ്പനക്കുന്ന് കളക്ടറേറ്റിൽ മോക്ക് ഡ്രിൽ പൂർത്തീകരിച്ചു.
ഇന്നലെ രാവിലെ 11 മണിക്കാണ് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍നിന്ന് പുകയുയര്‍ന്നതും തൊട്ടുപിന്നാലെ ഫയര്‍ അലാറം മുഴങ്ങിയതും. വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തിയവരും ഓഫീസുകളിലെ ജീവനക്കാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി.
തൊട്ടുപിന്നാലെ കെട്ടിടത്തില്‍ നിന്നും മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായെന്ന സന്ദേശം ചെങ്കല്‍ച്ചൂളയിലെ ഫയര്‍ഫോഴ്സ് സ്റ്റേഷനിലുമെത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ കുതിച്ചെത്തിയ ഫയര്‍ഫോഴ്സ് സംഘം സിവില്‍ സ്റ്റേഷനിലെ "തീയണച്ച’ ശേഷമാണ് ഫയര്‍ മോക്ക് ഡ്രില്ലാണെന്ന് കൂടിനിന്നവര്‍ക്ക് മനസിലായത്. സിനിമാ സ്റ്റൈലിലുള്ള ഓപ്പറേഷനു പിന്നാലെ, തീപിടിത്തമുണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ പരിശീലനം നല്‍കുക കൂടി ചെയ്താണ് ഫയര്‍ഫോഴ്സ് സംഘം മടങ്ങിയത്.
അപ്രതീക്ഷിതമായുണ്ടാകുന്ന തീപിടിത്തത്തെ നേരിടുന്നതിനു ജീവനക്കാരെ ബോധവത്കരിക്കുന്നതിനും സിവില്‍ സ്റ്റേഷന് കെട്ടിടത്തിലെ അഗ്നിസുരക്ഷ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഫയര്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്.ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്, ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍മാരായ നിഥിന് രാജ്, അനീഷ് കുമാര്‍ തുടങ്ങിയവര്‍ മോക്ക് ഡ്രില്ലിനു നേതൃത്വം നല്കി.