വഞ്ചിയൂർ സ്കൂളിന്റെ അഭിമാനം രക്ഷിച്ചു താരമായി ലുങ്കി കൻവാർ
1300683
Wednesday, June 7, 2023 12:11 AM IST
പ്രശാന്ത്
പേരൂർക്കട: രാജസ്ഥാൻ സ്വദേശി നിയായ ലുങ്കി കൻവാർ സ്കൂളിന്റെ അഭിമാനം കാത്തു. ഒന്നാം ക്ലാസിൽ ഒരു കുട്ടിപോലും ചേരാത്ത സ്കൂളെന്ന നാണക്കേട് വഞ്ചിയൂർ ഗവ.സ്കൂളിനു ലഭിക്കുമായിരുന്നു, ലുങ്കി ഒന്നാം ക്ലാസിൽ ചേർന്നില്ലായിരുന്നുവെങ്കിൽ..! ഒന്നാം ക്ലാസ് എ ഡിവിഷനിൽ ഒറ്റയ്ക്കാണ് ലുങ്കി. അരുമക്കുട്ടിയെ ലാളിക്കാനും പാഠം ചൊല്ലിക്കൊടുക്കാനും ക്ലാസ് ടീച്ചർ പ്രിയ ഒപ്പമുണ്ട്. രാജസ്ഥാൻ സ്വദേശികളും ലുങ്കിയുടെ ബന്ധുക്കളുമായ രണ്ടു കുട്ടികൾകൂടി ഉടൻ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്ന് സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. നാട്ടിൽപോയ ഇവർ അടുത്ത ദിവസം മടങ്ങിവരുമ്പോൾ സ്കൂളിലെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ. വ്യാഴാഴ്ച പ്രവേശനോത്സവം നടന്നപ്പോൾ ഒന്നാം ക്ലാസിൽ ഏക വിദ്യാർഥിനിയായി ലുങ്കി കൻവാർ സ്ഥാനം പിടിച്ചിരുന്നു. സുഖമില്ലാത്തതു കാരണം കഴിഞ്ഞ രണ്ടു ദിവസമായി ലുങ്കി അവധിയിലാണ്. രാജസ്ഥാനിലെ രജപുത്ര വംശജനായ ലുങ്കിയുടെ അച്ഛൻ കേസർ ദാൻ എട്ടുവർഷമായി തലസ്ഥാനത്ത് ചെറുകിട കച്ചവടക്കാരനാണ്. കേസറും ഭാര്യ സുമനും വഞ്ചിയൂരിലാണ് താമസം. ലുങ്കി ജനിച്ചതു തിരുവനന്തപുരത്താണ്. നന്നായി മലയാളം പറയും. മകളെ മലയാളം പഠിപ്പിക്കാൻ കേസറിനും സുമനും വലിയ ഉത്സാഹമാണ്. പഠിക്കാൻ ലുങ്കിക്കും.
പത്താം ക്ലാസുവരെയുള്ള വഞ്ചിയൂർ ഹൈസ്കൂളിൽ നിലവിൽ മുപ്പതിൽ താഴെ കുട്ടികളാണ് ഇക്കൊല്ലം പഠനം നടത്തുന്നത്. ഏതായാലും ലുങ്കി കൻവാർ സ്കൂളിന് അഭിമാനമായി മാറിയതിൽ അധ്യാപകരും അനധ്യാപകരും ഏറെ സന്തോഷത്തിലാണ്.