ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
1300182
Sunday, June 4, 2023 11:53 PM IST
തിരുവനന്തപുരം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, സി തുടങ്ങിയവ പടരാന്‍ സാദ്ധ്യത കൂടുതലാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. കിണറിന് ചുറ്റുമതില്‍ കെട്ടുക. രണ്ടാഴ്ച്ചയിലൊരിക്കല്‍ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുക. പുറത്തുപോകുമ്പോള്‍ തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക. വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തുറന്നു വച്ചിരിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയതുമായ ഭക്ഷണ പാനീയങ്ങള്‍ കഴിക്കരുത്. പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ആഹാരം പാകം ചെയ്യുന്നതിന് മുമ്പും ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കുഞ്ഞുങ്ങളുടെ നഖം വെട്ടി കൊടുക്കുക. മലവിസര്‍ജനത്തിന് ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തരുത്. വീടും പരിസരപ്രദേശവും ശുചിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുക. പൊതു ടാപ്പുകളുടെയും കിണറുകളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടനമായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും സ്വയംചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.