വിവാഹത്തട്ടിപ്പ്: എൽഡി ക്ലാർക്ക് അറസ്റ്റിൽ
1299540
Friday, June 2, 2023 11:38 PM IST
തിരുവനന്തപുരം: ആദ്യ വിവാഹം മറച്ചുവച്ച് രണ്ടാമതും മറ്റൊരു വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയ എൽഡി ക്ലാർക്ക് അറസ്റ്റിൽ. എറണാകുളം കുട്ടന്പുഴ പഞ്ചായത്ത് ഓഫീസിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യുന്ന കൊട്ടാരക്കര മതിര തൂറ്റിക്കൽ ശ്രീകുലം വീട്ടിൽ ശ്രീനാഥിനെ തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തു.
2021 ഫെബ്രുവരിയിൽ ഒരുവിവാഹം കഴിച്ച ശേഷം ചീരാണിക്കര സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.
ഈ വിവാഹത്തിൽ 70 പവൻ സ്വർണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിറ്റ് കാറും ഇയാൾക്ക് ലഭിച്ചു.തുടർന്ന് രണ്ടാമത് വിവാഹം കഴിച്ച യുവതി പ്രതിയുടെ ആദ്യ വിവാഹത്തെപ്പറ്റി അറിയുകയും വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയായിരുന്നു.
നെടുമങ്ങാട് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.