നെയ്യാറ്റിന്‍കര : അതിയന്നൂര്‍ കോട്ടുകാല്‍ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പ്ലാന്റും ടാങ്കും അടക്കമുള്ളവയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കെ. ആന്‍സലന്‍ എംഎല്‍എ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കേരള വാട്ടര്‍ അഥോറിറ്റി പ്രോജക്ട് ഡിവിഷന് അസിസ്റ്റന്റ് എക്സി ക്യൂട്ടീവ് എൻജിനീയര്‍ ജി. രാധാകൃഷ്ണന്, അതിയന്നൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കിഫ്ബിയുടെ സാന്പത്തിക സഹായത്തോടെ 25 കോടി രൂപ ചെലവഴിച്ചാണ് അതിയന്നൂര്‍, കോട്ടുകാല്‍ പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2021 ഒക്ടോബര്‍ 11 ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ ഗവ. ഹോമിയോ ഡിസ്പെന്സറിക്കുസമീപം പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിക്ക് നല്കിയ പ്രദേശത്താണ് പ്ലാന്റും ടാങ്കും നിര്‍മിക്കുന്നത്. ശുദ്ധീകരണ പ്ലാന്റ്, 10 ലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കൂറ്റന്‍ ഉപരിതല സംഭരണി എന്നിവ ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഇത്തരം വലിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതിന്റെ പരിചയസന്പത്തുള്ള ചിക്കാഗോ കണ്‍സ്ട്രക്ഷന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കാണ് നിര്‍മാണ ചുമതല. ശുദ്ധീകരണ പ്ലാന്റിലേയ്ക്കുള്ള ജലം എത്തിക്കുന്നത് പിരായുംമൂട് നിന്നാണ്. കുടിവെള്ള വിതരണത്തിന്റെ ഭാഗമായി 500 എംഎം പൈപ്പ് സ്ഥാപിക്കലും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ആധുനിക രീതിയിലുള്ള ശുദ്ധീകരണ പ്ലാന്റിലെത്തുന്ന ജലം നിരവധി ശുദ്ധീകരണ പ്രക്രിയകള്‍ക്ക് വിധേയമാകും. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ലാബും പ്ലാന്റിനോടൊപ്പം തയാറാകുന്നുണ്ട്.