കുഴിയോടു കുഴി; റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ടു വർഷങ്ങൾ
1298408
Tuesday, May 30, 2023 12:06 AM IST
തിരുവനന്തപുരം : കനത്ത സുരക്ഷയോടെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള വിഐപികൾ പാഞ്ഞുപോകുന്ന പാളയത്തെ അയ്യൻകാളി ഹാളിന്റെ (വിജെടി) മുന്നിലൂടെയുള്ള റോഡിന്റെ ഇരുവശങ്ങളും വെട്ടിപ്പൊളിച്ച് ഇട്ടിട്ടു കാലങ്ങളായി. റോഡിന്റെ മധ്യത്തു കുറച്ചു ഭാഗത്തു മാത്രമാണു പേരിനു ടാർ ഉള്ളത്. ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുസഹമാണ്. ദൃഷ്ടിയൊന്നു മാറിയാൽ വാഹനം മുട്ടിയുള്ള അപകടം ഉറപ്പാണ്. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ റോഡിലെ വാഹനപാർക്കിംഗ് മൂലമുള്ള ബുദ്ധിമുട്ടു വേറെ. യൂണിവേഴ്സിറ്റി കോളജ് പരിസരം മുതൽ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ പ്രധാന ഗേറ്റുവരെയുള്ള റോഡാണു പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ മൂലം തകർന്നു കിടക്കുന്നത്. സർക്കാരിന്റെ പരിപാടികൾക്കും സാംസ്കാരിക കൂട്ടായ്മകൾക്കും സ്ഥിരം വേദിയാണു അയ്യൻകാളി ഹാൾ. മുഖ്യമന്ത്രിയും പൊതുമരാമത്തു വകുപ്പു മന്ത്രിയും ഇവിടെ അതിഥികളായി എത്താറുള്ളതാണ്. എന്നിട്ടും ഈ റോഡ് പൂർവസ്ഥിതിയിലാക്കാൻ പ്രവൃത്തിയേറ്റെടുത്ത റോഡ് ഫണ്ട് ബോർഡോ പൊതുമരാമത്തു വകുപ്പോ ഇതുവരെ തയാറായിട്ടില്ല. റോഡിന്റെ ഒരു വശത്തു കണ്വർട്ടു നിർമിക്കാനാണു റോഡ് വെട്ടിപ്പൊളിച്ചത്. ഈ പണി പൂർത്തിയാക്കി. എന്നാൽ മറുഭാഗം എന്തിനാണു പൊളിച്ചതെന്നു ബന്ധപ്പെട്ടവരോട് അന്വേഷിച്ചാൽ മറുപടിയില്ല. വെറുതെ രണ്ടാൾ പൊക്കത്തിനു കുഴിയെടുത്തു മൂടി. ഇതാണു അവിടെ സംഭവിച്ചത്. പൊളിച്ച ഭാഗത്തെ ചല്ലികൾ ഏതാണ്ട് ഇപ്പോൾ റോഡിന്റെ മധ്യഭാഗത്താണ്. വാഹനങ്ങൾ പോകുന്പോൾ ഈ ചല്ലി ചെന്നു പതിക്കുന്നതു അതുവഴി പോകുന്ന കാൽനടയാത്രക്കാരുടെ ശരീരത്താണ്.
ചല്ലി തെറിച്ചു വീണു ആളുകൾക്കു പരിക്കേൽക്കുന്നതും ഇപ്പോൾ നിത്യസംഭവമായിട്ടുണ്ട്. പരാതികൾ നിരവധി ബന്ധപ്പെട്ടവർക്കു പൊതുജനങ്ങൾ തന്നെ നൽകിയിട്ടും അധികൃതർ അറിഞ്ഞ ഭാവം പോലും കാണിക്കുന്നില്ല. ഇപ്പോൾ ഈ റോഡിന്റെ ശേഷിക്കുന്ന പ്രവൃത്തികൾ സ്മാർട്ട് സിറ്റി ഏറ്റെടുത്തതായാണു വിവരം.