ശ്രീകാര്യം: നിരവധി ക്രിമിനൽ കേസിലെ പ്രതി കാപ്പ നിയമ പ്രകാരം അറസ്റ്റിൽ. ശ്രീകാര്യം കല്ലമ്പള്ളി ലക്ഷംവീട് കോളനിയിൽ വേലാംകോണം പുതുവൽ പുത്തൻവീട്ടിൽ സിബി (28) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.ആർഎസ്എസ് നേതാവ് കല്ലമ്പള്ളി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതിയാണ് സിബി. വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സിബി പിന്നെയും അടിപിടി ,നരഹത്യ ശ്രമം എന്നിവ ഉൾപ്പെടെ നിരവധി കേസുകളിൽവീണ്ടും പ്രതിയായതിനെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.
പീഡനം: പ്രതി അറസ്റ്റിൽ
നെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ചയാൾ പിടിയിൽ. കരകുളം വേറ്റിക്കോണം ഐഎച്ച്ഡിപി കോളനിയിൽ സാബു (50) നെയാണ് അരുവിക്കര പോലീസ് പിടികൂടിയത്. വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. പേടിച്ചോടിയ കുട്ടി വീട്ടിലെത്തി അച്ഛനോട് വിവരം പറഞ്ഞു. അച്ഛൻ നൽകിയ പരാതിയിൽ അരുവിക്കര പോലീസ് പോക്സോ കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാബുവിനെ വേറ്റിക്കോണത്തുനിന്ന് പിടികൂടിയത്.