പാലോട് :നന്ദിയോട് പച്ച നീന്തൽ കുളത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന കുട്ടികൾക്ക് വ്യാപകമായി വൈറസ് ബാധയുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വേണ്ടത്ര ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
നന്ദിയോട് പച്ച നീന്തൽ കുളം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് അസുഖം ബാധിച്ചപ്പോൾ തന്നെ മുൻകരുതൽ എടുക്കാത്തത് അനാസ്ഥയാണ്. വിഷയം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അതോടൊപ്പം സംസ്ഥാന കായിക മന്ത്രിക്ക് കത്തെഴുതുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാർഗങ്ങളാണ് വേണ്ടതെന്നും നിലവിൽ രക്ഷിതാക്കളുടെ ആശങ്ക അകറ്റാനുള്ള നടപടികൾ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രക്ഷിതാക്കളോടും കുട്ടികളോടും മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തങ്ങളുടെ അനുഭവങ്ങളും ആശങ്കകളും രക്ഷിതാക്കൾ മന്ത്രിയുമായി പങ്കുവെച്ചു. ബിജെപിയുടെ ജില്ല, മണ്ഡലം, പഞ്ചായത്ത് തല ഭാരവാഹികൾ ഒപ്പം ഉണ്ടായിരുന്നു.