കഴുത്തിൽ കത്തിവച്ച് കവർച്ച: അന്വേഷണം തമിഴ്നാട്ടിലേക്ക്
1297583
Friday, May 26, 2023 11:38 PM IST
നേമം: വെള്ളം ചോദിച്ചെത്തിയ സംഘം വീട്ടമ്മയുടെ മാലകവർന്ന കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. ശാന്തിവിളയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി രണ്ട് പവൻ സ്വർണാഭരണവും 50,000 രൂപയും കവർന്ന സംഭവത്തിലാ അന്വേഷണം തമിഴ്നാട്ടിലേക്ക് നീട്ടാൻ പോലീസ് തീരുമാനിച്ചത്. ഞായറാഴ്ച രാത്രി ഏഴിനായിരുന്നു രണ്ടംഗ സംഘം ശാന്തിവിള കുരുമി റോഡിൽ ആര്യോട്ട് വീട്ടിലെത്തിയത്.വീട്ടമ്മ രമ്യ ഉണ്ണികൃഷ്ണന്റെ കഴുത്തിൽ കത്തി വച്ച് കവർച്ച നടത്തുകയായിരുന്നു. റോഡരികിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചില്ല.
കവർച്ച നടത്തിയവർ തമിഴാണ് സംസാരിച്ചിരുന്നതായി രമ്യ ഉണ്ണികൃഷ്ണൻ പറഞ്ഞു. അടുത്ത കാലത്ത് കേരളത്തിലും തമിഴ്നാട്ടിലും ജയിലുകളിൽ നിന്നും ഇറങ്ങിയ മോഷണ സംഘത്തിലേക്കും പോലിസ് അന്വേഷണം വ്യാപിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
വീട്ടിൽ വെള്ളം ചോദിച്ച് എത്തിയവരോട് വീടിന് മുന്നിലെ പൈപ്പിൽ നിന്നും വെള്ളം എടുക്കുവാൻ പറഞ്ഞുവെങ്കിലും പെട്ടെന്ന് തന്നെ സംഘം വീട്ടിനുള്ളിൽ കയറി തണുത്ത വെള്ളം ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ബാഗിൽ നിന്നും കത്തി എടുത്ത് കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് വ്യക്തമായ സൂചനകൾ ഒന്നും കണ്ട് എത്തുവാൻ കഴിഞ്ഞില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.