നഗരത്തിലെ റോഡ് നിർമാണം നീളുന്നു ; വീർപ്പുമുട്ടി അനന്തപുരി
1297581
Friday, May 26, 2023 11:38 PM IST
തിരുവനന്തപുരം: അനന്തമായി നീളുന്ന റോഡ് നിർമാണ പ്രവർത്തനങ്ങളിൽ പെട്ട് അനന്തപുരി വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. സമയത്ത് ഓഫീസിലെത്തണമെങ്കിൽ, തിരിച്ച് വീട് പിടിക്കണമെങ്കിൽ പുതിയ പുതിയ വഴികൾ കണ്ടെത്താൻ നഗര വാസികൾ തലപുകയ്ക്കുകയാണ് ഓരോ ദിവസവും.
നഗരഹൃദയത്തിലടക്കം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായകമാകുന്ന ചെറു റോഡുകളിൽ മിക്കതും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്വീവേജ് ലൈൻ സ്ഥാപിക്കുന്നതിനടക്കം പൊളിച്ചിട്ടിരിക്കുകയാണ്. യാത്രാ ക്ലേശം വർധിക്കുന്നതിനൊപ്പം തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കാനും ഇത് ഇടയാക്കുന്നുണ്ട്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ സമരങ്ങൾ നടക്കുന്പോൾ മാത്രമാണ് സമാന്തരമായുള്ള ഇട റോഡുകളിൽ സാധാരണ തിരക്ക് അനുഭവപ്പെടാറുള്ളത്. സമരം കാരണം പ്രധാന നിരത്ത് ബ്ലോക്കായാലും ചെറുവാഹനങ്ങളിലെത്തുന്നവർക്ക് അനായാസം സഞ്ചരിക്കാനുള്ള സമാന്തര റോഡുകൾ തലസ്ഥാന നഗരത്തിലുള്ളത് അനുഗ്രഹമായിരുന്നു.
എന്നാൽ അനന്തമായി നീളുന്ന റോഡ് പണി കാരണം പ്രധാന നിരത്തുകളിൽ മാത്രമല്ല ഇടറോഡുകളിലും ഇപ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചില റോഡുകളിൽ പണി നടക്കുന്പോൾ തന്നെ വാഹന ഗതാഗതവും അനുവദിച്ചിട്ടുണ്ട്. എന്നാൽ നിർമാണത്തിന്റെ പേരിൽ ചില റോഡുകൾ പൂർണമായും അടച്ചിരിക്കുകയാണ്.
ജനറൽ ആശുപത്രി ഭാഗത്തു നിന്നെത്തുന്നവർക്ക് പാളയത്തേക്കും വളരെ വേഗത്തിൽ എത്താൻ കഴിയുന്ന എകെജി സെന്റർ സ്പെൻസർ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിട്ട് മാസങ്ങളോളമായി. ഇതു വഴി ഇപ്പോൾ ഒരു വാഹനത്തിനു കടന്നു പോകാൻ കഴിയില്ല. സ്വീവേജ് നിർമാണത്തിനായി അദ്യം വെട്ടിപ്പൊളിച്ച റോഡ് ഇപ്പോൾ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ഇടലിനായി വീണ്ടും വെട്ടിപ്പൊളിച്ചിരിക്കുകയാണ്.
ഈ റോഡിന്റെ ഒരു വശത്തായി സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിർമാണവും പുരോഗമിക്കുകയാണ്.ഇരുചക്ര വാഹനങ്ങളിലെത്തുന്ന യാത്രക്കാർക്കു പോലും ഈ റോഡ് വഴി പോകാൻ കഴിയില്ല.
കാൽനടയാത്രക്കാർ ഈ റോഡ് ഉപേക്ഷിച്ച് മറ്റു വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. മഴ പെയ്താൽ മിനിറ്റുകൾക്കകം റോഡ് കുളമാകും.