ആക്കുളത്ത് കണ്ണാടി പാലം വരുന്നു
1297338
Thursday, May 25, 2023 11:45 PM IST
തിരുവനന്തപുരം : ചൈനയിലെയും വിയറ്റ്നാമിലെയും കാനഡയിലെയും അമേരിക്കയിലെയും കണ്ണാടി പാലത്തിലൂടെ ഒരു സ്കൈ വാക്ക് നടത്താനും സെൽഫി എടുക്കാനും ആഗ്രഹിക്കാത്തവർ ആരുണ്ട്. അങ്ങനെയൊരു പാലം തലസ്ഥാന നഗരത്തിൽ വന്നാൽ എന്തായിരിക്കും വൈബ്!.
അത് കണ്ടറിയാൻ തന്നെയാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം. തലസ്ഥാനത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ കണ്ണാടി പാലം നിർമിക്കാൻ വകുപ്പ് നടപടികൾ ആരംഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരിക്കുകയാണ്.
വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ആദ്യത്തെ കണ്ണാടി പാലമാണ് ആക്കുളത്ത് നിർമിക്കാനൊരുങ്ങുന്നത്. 2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു.
ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവീസ്, വെർച്വൽ റിയാലിറ്റി സോണ് , പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ കണ്ണാടി പാലത്തിന്റെ നീളം എത്രയായിരിക്കും അനുബന്ധ സജ്ജീകരണങ്ങൾ എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങളൊന്നും ഇനിയും വ്യക്തമായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ കണ്ണാടി പാലം സ്ഥിതി ചെയ്യുന്നത് ചൈനയിലെ ഷാങ്ഹായിലാണ്. ഇന്ത്യയിലെ ആദ്യത്തെ കണ്ണാടി പാലം ബീഹാറിലെ രാജ്ഗിറിലാണ് സ്ഥിതി ചെയ്യുന്നത്. 85 അടി നീളമാണ് ഈ പാലത്തിനുള്ളത്. നിലവിൽ വയനാട് ജില്ലയിലാണ് കേരളത്തിൽ ഒരു കണ്ണാടി പാലമുള്ളത്.