വാഹന പാർക്കിംഗ് അപകടങ്ങൾക്ക് കാരണമാകുന്നു: അധികൃതർക്ക് മൗനം
1283256
Saturday, April 1, 2023 11:16 PM IST
കാട്ടാക്കട : കാട്ടാക്കടയിലും പരിസര പ്രദേശങ്ങളിലെയും അനധികൃത വാഹന പാർക്കിംഗ് അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി.
തച്ചോട്ടുകാവ്, മലയിൻകീഴ്, മാറനല്ലൂർ, പേയാട്, പോങ്ങുംമൂട്, കണ്ടല എന്നീ പ്രധാന ജംഗ്ഷനുകളിൽ അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. പോങ്ങുംമൂട് ജംഗ്ഷനിൽ നിന്ന് മലയിൻകീഴ് ഭാഗത്തേക്ക് പോകുന്നിടത്ത് വളവിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എതിരെ വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
മലയിൻകീഴ് ജംഗ്ഷനിൽ റോഡിന് ഇരുവശത്തും ചെറുതും വലുതുമായ വാഹനങ്ങൾ നിയന്ത്രണങ്ങൾ തെറ്റിച്ച് പാർക്കുചെയ്യുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. ബൈക്കിൽ പോവുകയായിരുന്ന യുവാവ് പേയാട് ജംഗ്ഷന് സമീപം ഓടയിൽ വീണ് അപകടത്തിൽപ്പെട്ടത് ഒരാഴ്ച മുൻപാണ്. ഗതാഗതക്കുരുക്കിനിടയിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. ടൈൽ പണിക്ക് പോവുകയായിരുന്ന 19കാരൻ വാഹനാപകടത്തിൽപ്പെട്ട് മരിച്ചതും പോങ്ങുംമൂട് - ചീനിവിള റോഡിൽ ബൈക്കിൽ പോകുവയായിരുന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചതും അടുത്തിടെയാണ്.അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്.