സൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും ആറു ലക്ഷം രൂപ പിഴയും
1282995
Friday, March 31, 2023 11:37 PM IST
തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ സൂര്യഗായത്രി (20) യെ കുത്തിക്കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുൺ (29) ന് ജീവപര്യന്തം കഠിനതടവും ആറു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി അധികതടവ് അനുഭവിക്കണം.
ജീവപര്യന്തം തടവിനു പുറമേ സൂര്യഗായത്രിയുടെ അമ്മ വത്സലയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു 10 വർഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും, ഭവന കൈയേറ്റത്തിന് അഞ്ചു വർഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും, വത്സലയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് രണ്ടു വർഷം കഠിനതടവും, കുറ്റകരമായ ഭയപ്പെടുത്തലിന് രണ്ടു വർഷം കഠിന തടവും, പിതാവ് ശിവദാസനെ ദേഹോപദ്രവം ചെയ്തതിന് ഒരു വർഷം കഠിന തടവും അനുഭവിക്കണമെന്നും തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു ഉത്തരവിട്ടു.
ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ മാതാവ് വത്സലക്ക് ലീഗൽ സർവീസ് അഥോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. 2021 ഓഗസ്റ്റ് 30 നായിരുന്നു കേസിനാസ്പദമായ സംഭവം.
അക്ഷോഭ്യനായി
അരുണ്‍
സൂര്യഗായത്രി കൊലക്കേസിലെ പ്രതി അരുണ്‍ കോടതി നേരിട്ട് നടത്തിയ വിചാരണ നേരിട്ടത് അക്ഷോഭ്യനായി. നിലവിൽ ജയിലിൽ കഴിയുന്ന പ്രതി യാതൊരു കൂസലുമില്ലാതെയും അല്പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയുമാണ് കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
ഇതു കോടതിയെ പോലും അത്ഭുതപ്പെടുത്തി.സഹതടവുകാരിൽ നിന്ന് കാര്യങ്ങൽ മനസിലാക്കി എത്തിയ പ്രതി, കോടതി നേരിട്ടു ചോദിച്ച ഒരോ ചോദ്യത്തിനും തന്ത്രപരമായ മറുപടിയാണ് നൽകിയത്. സംഭവസ്ഥലത്തെ തന്റെ സാന്നിധ്യം സമ്മതിച്ച പ്രതി താനല്ല കൊലപ്പെടുത്തിയതെന്നും സൂര്യഗായത്രി തന്നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കോടതിയിൽ പറഞ്ഞു.
സൂര്യഗായത്രി തന്നെ കുത്താൻ ഉപയോഗിച്ച കത്തി പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പോയതായി പറഞ്ഞ പ്രതി കോടതിയിലുള്ള രക്തം പുരണ്ട തന്റെ വസ്ത്രങ്ങൾ പോലും തന്റേതല്ലെന്ന് പറഞ്ഞൊഴിഞ്ഞു.
സൂര്യഗായത്രിയുടെ അയൽവാസികളാണ് തന്നെ പിടികൂടി പോലീസിൽ എൽപിപ്പിച്ചതെന്ന് ആദ്യമൊന്നും സമ്മതിക്കാതിരുന്ന പ്രതി പിന്നീട് ഇക്കാര്യം കോടതിയിൽ സമ്മതിച്ചു. പ്രതി തന്നെ തന്റെ സാന്നിധ്യം സമ്മതിച്ചതും സംഭവസമയം പ്രതിക്ക് ഏറ്റ പരിക്കും കേസിൽ പ്രോസിക്യൂഷന് സഹായകരമായ തെളിവായി മാറുകയായിരുന്നു.
അടങ്ങാത്ത
പ്രണയപ്പക
സൂര്യഗായത്രിയോട് പ്രതിക്ക് ഉണ്ടായിരുന്ന തീവ്രപ്രണയം സാക്ഷാത്കരിക്കപ്പെടാതെ പോയതിന്റെ ഒടുങ്ങാത്ത പകയായിരുന്നു സൂര്യഗായത്രിയുടെ കൊലപാതകത്തിൽ അവസാനിച്ചത്. നിർധന കുടുംബാംഗമായ സൂര്യഗായത്രിയെ പണവും സ്വർണവും നൽകി സ്വാധീനിക്കാൻ അരുണ്‍ ശ്രമിച്ചിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തേക്കുറിച്ച് അറിഞ്ഞ വീട്ടുകാരും സൂര്യഗായത്രിയും പ്രതിയുമായി ഒരുതരത്തിലുമുള്ളബന്ധവും ഉണ്ടാക്കില്ലെന്ന് പറഞ്ഞെങ്കിലും അരുണ്‍ പിൻമാറാൻ തയാറായിരുന്നില്ല. ഇതിനിടെ കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നപ്പോഴും അരുണ്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
വിവാഹിതയായി കഴിഞ്ഞിരുന്ന സൂര്യഗായത്രിയുടെ ഭർത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തി പ്രതി പുതിയ തന്ത്രം മെനയുകയായിരുന്നു. ഇതേ ചൊല്ലി ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയ സൂര്യഗായത്രിയെ ഇനി സ്വന്തമാക്കാൻ കഴിയുമെന്ന് അരുണ്‍ മോഹിച്ചു. അതു നടക്കില്ലെന്നു കണ്ടാണ് തനിക്കു ലഭിച്ചില്ലെങ്കിൽ ഇനി ഈ ഭൂമുഖത്ത് അവൾ വേണ്ടെന്ന അന്തിമ തീരുമാനത്തിൽ അരുണ്‍ എത്തിച്ചർന്നത്.
അന്വേഷണ ഉദ്യോഗസ്ഥനും
പ്രോസിക്യൂഷനും
കോടതിയുടെ പ്രശംസ
സൂര്യഗായത്രി കൊലക്കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനും കേസ് വിചാരണ പൂർത്തിയാക്കിയ പ്രോസിക്യൂഷനും കോടതിയുടെ പ്രത്യേക പ്രശംസ. കുറ്റമറ്റ രീതിയിൽ അടുക്കും ചിട്ടയോടും അന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ ബി.എസ്. സജിമോൻ പ്രതിക്കെതിരായ ഒരു തെളിവും നഷ്ടമാകാതെ ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയതാണ് പ്രോസിക്യൂഷന് സഹായകരമായതെന്ന് കോടതി വിലയിരുത്തി. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ അന്വേഷണ മികവ് വെളിവാക്കുന്നതായി കോടതി നിരീക്ഷിച്ചു.
പോലീസ് ഹാജരാക്കിയ ഒരോ തെളിവും കൃത്യതയോടെ പ്രതിക്ക് എതിരായി കോടതിയെ ധരിപ്പിക്കുന്നതിൽ പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ മികവ് കാണിച്ചതായി ഉത്തരവിൽ പറയുന്നു. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരായി കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ പ്രോസിക്യൂഷൻ അശ്രാന്തപരിശ്രമം നടത്തിയതായി കോടതി നിരീക്ഷിച്ചു.