വ്ളാവെട്ടി-കോട്ടൂർ റോഡ് പൂർണമായും തകർന്ന നിലയിൽ
1282992
Friday, March 31, 2023 11:35 PM IST
കാട്ടാക്കട: ടൂറിസം മേഖലയ്ക്ക് ഏറെ സഹായകരമാകുന്ന പ്രദേ ശങ്ങളെ ബന്ധിപ്പിക്കുന്ന വ്ളാ വെട്ടി - കോട്ടൂർ റോഡ് പൂർണമാ യും തകർന്ന നിലയിൽ.
കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം, നെയ്യാർഡാം വിനോദസഞ്ചാര കേന്ദ്രം എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. കള്ളിക്കാട്, കുറ്റിച്ചൽ പഞ്ചായത്തുകളിലായി നാലുകിലോമീറ്റർ വരുന്ന റോഡിന്റെ എല്ലാഭാഗത്തും കുഴികളാണ്. പലയിടത്തും ടാർ ഒലിച്ചുപോയി. റോഡിന്റെ ശോച്യാവസ്ഥമൂലം ഓട്ടോവിളിച്ചാൽ പോലും വരില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ മുതൽ വില്ലുചാരി വ്ളാവെട്ടി വരെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പ് ഈയിടെ ഏറ്റെടുത്തതാണ്. വ്ളാവെട്ടി മുതൽ നെയ്യാർഡാം വരെ കള്ളിക്കാട് പഞ്ചായത്തിന്റെ റോഡുമാണ്.
അരുവിക്കര, പാറശാല നിയോജകമണ്ഡലങ്ങളിൽ വരുന്ന രണ്ടു പഞ്ചായത്തുകളിലുമായി ഉൾപ്പെടുന്ന റോഡ് നവീകരിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. നെയ്യാർ അണക്കെട്ട് ചുറ്റിയാണ് ഈ റോഡ് പോകുന്നത്. അതിനാൽ തന്നെ ഇതുവഴി പോയാൽ ഡാമിന്റെ മനോഹരമായ കാഴ്ചകളുംകിട്ടും. അതിനാൽ തന്നെ ഈ റോഡിലൂടെ പോകാൻ സഞ്ചാരികളും കൗതുകം കാട്ടും. പക്ഷേ റോഡിന്റെ അവസ്ഥ ദയനീയമാണ്. ഇതു വഴിയുള്ള കെഎസ്ആർടിസി സർവീസ് പോലും നിറുത്താനുള്ള ആലോചനയിലാണ്.