സൂര്യഗായത്രി കൊലക്കേസ്: പ്രതി കുറ്റക്കാരൻ
1282684
Thursday, March 30, 2023 11:11 PM IST
തിരുവനന്തപുരം : അച്ഛന്റെയും അമ്മയുടെയും കണ്മുന്നിലിട്ട് സൂര്യഗായത്രിയെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചു. നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് - വത്സല ദന്പതികളുടെ ഏകമകളായ സൂര്യഗായത്രി (20) നെ കുത്തിക്കൊലപ്പെടുത്തിയ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുൺ (29) നെയാണു കുറ്റക്കാരനായി കോടതി വിധിച്ചത്. ശിക്ഷ ഇന്നു പ്രഖ്യാപിക്കും.
കൊലപാതകം, കൊലപാതകശ്രമം, കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതി സൂര്യഗായത്രിയുടെ അമ്മ വത്സലയെ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
വിവാഹാലോചന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചത്. സൂര്യഗായത്രിയുടെ അമ്മ വത്സല, അച്ഛൻ ശിവദാസ് എന്നിവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ. 2021 ഓഗസ്റ്റ് 30 നാണ് സംഭവം നടക്കുന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം.
വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന അരുണ്‍ സൂര്യയെ കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതു കണ്ട് അമ്മ വത്സല തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. സൂര്യ ഗായത്രിയുടെ തല മുതൽ കാൽ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.
സൂര്യ ഗായത്രി അബോധാവസ്ഥയിലായിട്ടും ഇയാൾ വീണ്ടും വീണ്ടും കുത്തി. സൂര്യ ഗായത്രി യുടെ പിതാവ് ശിവദാസന്റെ നിലവിളിച്ചതോടെ അരുണ്‍ ഓടി. അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ മറ്റൊരു വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നാണ് നാട്ടുകാരും പോലീസും ചേർന്ന് അരുണിനെ പിടി കൂടിയത്.
സൂര്യ ഗായത്രി യെ കുത്തുന്നതിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുണ്‍ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാൻ ശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുണ്‍ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ മർദിച്ചു. സംഭവത്തിനു രണ്ടു വർഷം മുന്‍പ് അരുണ്‍ സൂര്യ ഗായത്രിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു.
തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യ ഗായത്രിയുടെ വിവാഹം നടന്നു. സൂര്യഗായത്രിയുടെ ഭർത്താവിനെയും അരുണ്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവർ ഹാജരായി. വലിയമല സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പിയുമായ ബി.എസ്. സജിമോൻ,സിവിൽ പോലീസ് ഓഫീസർമാരായ ആർ.വി.സനൽരാജ്, എസ്. ദീപ എന്നിവരാണ് കേസിന്റെ അന്വേഷണ നടത്തി കുറ്റപത്രം തയാറാക്കിയത്.