ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി
1282681
Thursday, March 30, 2023 11:11 PM IST
നെടുമങ്ങാട് : ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഴിക്കോട് വളവെട്ടി പുലിക്കുഴി അർഷാസിൽ സഹീറ (67), മകളായ മുംതാസ് (47) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭർത്താവ് നഴ്സിംഗ് കോളജിലെ ഭരണവിഭാഗം സൂപ്രണ്ട് വൈ.അലി അക്ബർ (55) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് മുംതാസ് . ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം .
ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന അലി അക്ബർ വീടിന്റെ മുകളിലത്തെ നിലയിലും ഭാര്യയും കുടുംബവും താഴത്തെ നിലയിലമാണ് താമസിച്ചിരുന്നത്. നോമ്പിന്റെ ഭാഗമായുള്ള പ്രാർഥനയ്ക്കു വേണ്ടി സഹീറയും മുംതാസും പുലർച്ചെ എഴുന്നേറ്റപ്പോൾ താഴെ എത്തിയ അലി അക്ബറും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അലി ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആദ്യം ഭാര്യയെയും പിന്നീട് ഭാര്യമാതാവിനെയും വെട്ടിയ ശേഷം ചുറ്റിക കൊണ്ടും ഇരുവരെയും അലി അക്ബർ ആക്രമിച്ചു.
പരിക്കേറ്റ സഹീറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതുകണ്ട അലി അക്ബറുടെ മകൾ ആർഷ ഇറങ്ങി ഓടിയെങ്കിലും ഗേറ്റ് പൂട്ടിയിരുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇതിനിടയിൽ പെട്രോൾ ഒഴിച്ച് അലി അക്ബർ ഭാര്യയെയും ഭാര്യമാതാവിനെയും കത്തിച്ചു.
പിന്നാലെ അലിഅക്ബറും സ്വയം തീകൊളുത്തി. സമീപവാസികളും പോലീസും ചേർന്ന് ഗേറ്റിന്റെ പൂട്ട് വെട്ടുകത്തി ഉപയോഗിച്ച് തകർത്താണ് അലി അക്ബറിനെയും ഭാര്യയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സഹീറയുടെ മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അലി അക്ബറിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെ തുടർന്ന് വീട് വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെട്ട് അലി അക്ബറും ഭാര്യയും തമ്മിൽ നിരന്തരം വഴക്ക് നടന്നിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ വീട് വിൽക്കാൻ ഭാര്യ സമ്മതിച്ചില്ല.
തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും പോലീസ് പറഞ്ഞു. ഫോറൻസിക്, വിരലടയാള വിദഗ്ധർ, റൂറൽ എസ്പി ശിൽപ ദേവയ്യ, നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, അരുവിക്കര സിഐ ഷിബുകുമാർ, എസ്ഐ സജി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.