കരുതലിന്റെ പകല്വീടൊരുക്കി അരുവിക്കര പഞ്ചായത്ത്
1282680
Thursday, March 30, 2023 11:11 PM IST
തിരുവനന്തപുരം: വാര്ധക്യത്തിന്റെ ഒറ്റപ്പെടലില് സൗഹൃദങ്ങളുടെയും കരുതലിന്റെയും തണലൊരുക്കി അരുവിക്കര പഞ്ചായത്തിന്റെ പകല്വീട്. കളത്തുകാല് കാവിന്പുറത്ത് നിര്മിച്ച പകല് വീടിന്റെ പ്രവര്ത്തനോദ്ഘാടനം ജി.സ്റ്റീഫന് എംഎല്എ നിര്വഹിച്ചു.
പകല്സമയങ്ങളില് വീടുകളില് ഒറ്റയ്ക്കാകുന്ന വയോജനങ്ങള് മാനസികമായി അനുഭവിക്കുന്ന സമ്മര്ദ്ദങ്ങളെ ലഘൂകരിക്കുന്നതിനുള്ള അന്തരീക്ഷമാണ് പകല്വീടിലൊരുക്കിയിരിക്കുന്നത്. ലഘുവ്യായാമങ്ങള്,വിനോദങ്ങള്, ചെറിയ വരുമാനം ലഭ്യമാകുന്ന കൈത്തൊഴിലുകള് എന്നിവയ്ക്കുള്ള സൗകര്യങ്ങള് പകല്വീട്ടിലുണ്ടാകും. പകല്വീടില് രജിസ്റ്റര് ചെയ്യുന്ന 60 കഴിഞ്ഞവര്ക്ക് സേവനം ലഭിക്കും. ഇവരെ പരിപാലിക്കുന്നതിനായി കെയര്ടേക്കര്മാരെ പഞ്ചായത്ത് നിയമിക്കും. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്.കല അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ അതിദരിദ്രര്ക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിര്വഹിച്ചു. 38 പേര്ക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.