സർക്കാരിനു ടാർജറ്റ് തികയ്ക്കാൻ ഹെൽമെറ്റ് വേട്ട തകൃതി
1282262
Wednesday, March 29, 2023 11:36 PM IST
നെടുമങ്ങാട്: ജനത്തിരക്കേറിയ നെടുമങ്ങാട്-പാളയം റോഡിൽ ഗവ. ടൗൺ എൽപി സ്കൂളിനു സമീപം മോട്ടോർ വാഹന വകുപ്പിന്റെ ഹെൽമറ്റ് വേട്ട യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു.
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് തിരക്കേറിയ റോഡിന്റെ ഇരുവശങ്ങളിലും നിന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണം കണ്ടെത്തി ഫോട്ടോയെടുത്ത് ഫൈൻ ഈടാക്കുന്നത്.
ടൗൺ എൽപിസ്കൂളിൽനിന്നും വിദ്യാർഥിയെ വിളിച്ചുകൊണ്ടുപോകാനെത്തിയ വീട്ടമ്മയ് ക്കും കിട്ടി ഫൈൻ. വാഹനത്തിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന കൊച്ചുകുട്ടി ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇവർ ഫൈൻ ഈടാക്കിയത്.
ഇതിനുപുറമേ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പല സ്ത്രീകൾക്കും പണി കിട്ടിയിട്ടുണ്ട്. വാഹനം ഓടിച്ചവർ ഹെൽമെറ്റ് ധരിച്ചിട്ടും പിന്നിൽ ഇരിക്കുന്നവർ ഹെൽമെറ്റ് വച്ചില്ല എന്ന കാരണത്താൽ 500 രൂപയാണ് നിരവധിപേർക്ക് പിഴ കിട്ടിയത്. തിരക്കേറിയ റോഡിൽ മാർഗതടസം സൃഷ്ടിച്ച് വാഹനം നിർത്തിയായിരുന്നു ഉദ്യോഗസ്ഥരുടെ ഈ നടപടി.
ഇതു ചോദ്യം ചെയ്ത യാത്രക്കാരോട് ഞങ്ങൾക്ക് ടാർജറ്റ് തികയ്ക്കണം, അതിനായി ഫോട്ടോയെടുത്ത് പെറ്റി ഈടാക്കുക തന്നെ ചെയ്യും.. സ്ത്രീകളായാലും കുട്ടികളായാലും പ്രശ്നമല്ലെന്ന മറുപടിയാണ് എംവിഡിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നെടുമങ്ങാട് ആർടിഒ പോലും അറിയാതെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എംവിഡി ദിനേശാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥരുടെ ഫോട്ടോയെടുക്കലിനെതി രെ പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഏതുവിധേനയും സർക്കാറിന്റെ ടാർജറ്റ് തികച്ചു കൊടുക്കാനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഹെൽമറ്റ് വേട്ടയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇതിനിടെ അപ്രതീക്ഷിതമായി തിരക്കേറിയ റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കണ്ട്, പലയുവാക്കളും ഇടറോഡുകളിലൂടെ ബൈ ക്കുകൾ വെട്ടിത്തിരിച്ച് അമിത വേഗതയിൽ പോകുന്നത് അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.
തിരക്കേറിയ സമയങ്ങളിൽ റോഡിൽ നടത്തുന്ന ഇത്തരം നടപടിക്കെതിരെ കർശന നിലപാടെടുക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.