എട്ടുവയസുകാരിയെ പീഡിപ്പിച്ച അംഗപരിമിതനായ അമ്മാവന് 40 വർഷം കഠിനതടവും പിഴയും
1281931
Wednesday, March 29, 2023 12:15 AM IST
തിരുവനന്തപുരം: സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അംഗപരിമിതനായ അമ്മാവന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക കഠിനതടവും നേരിടണം. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്.
കുടുംബവീട്ടിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്ച തോറും വീട്ടിലെത്താറുള്ള അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. ശനിയാഴ്ച തോറും വീട്ടിൽ പോകുന്നതിനു ഭയം പ്രകടിപ്പിച്ചിരുന്ന കുട്ടി ഈ വിവരം കൂട്ടുകാരിയെ അറിയിച്ചു. തുടർന്നു കൂട്ടുകാരി ക്ലാസ് ടീച്ചറെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
വിചാരണ സമയത്ത് കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറി പ്രതിക്കനുകൂലമായി മൊഴി നൽകിയിരുന്നു. കുട്ടിക്കു സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.