ബജറ്റ് മികച്ചതെന്നു ഭരണപക്ഷം: ഉൗതി വീർപ്പിച്ചതെന്നു കോണ്‍ഗ്രസ്
1281648
Tuesday, March 28, 2023 12:06 AM IST
തിരുവനന്തപുരം : കോർപറേഷൻ ബജറ്റു ചർച്ചയിൽ പദ്ധതികളെ വാനോളം പുകഴ്ത്തി ഭരണപക്ഷം. തീരദേശത്തെ വികസനത്തിനു വേണ്ടി പ്രഖ്യാപിച്ച പദ്ധതികൾ ഓരോന്നായി എടുത്തുപറഞ്ഞായിരുന്നു ഭരണപക്ഷ കൗണ്‍സിലർമാരുടെ പ്രകടനം.
എന്നാൽ തിരുവനന്തപുരം കോർപറേഷനു കേന്ദ്ര സർക്കാർ കോടിക്കണക്കിനു രൂപ നൽകിയതിനെ സംബന്ധിച്ചു ബജറ്റിൽ പരാമർശമില്ലാത്തതു ബിജെപി അംഗങ്ങളെ രോഷാകുലരാക്കി.
വികസന പ്രവർത്തനങ്ങൾക്കായി കോടികൾ നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിപോലും പറയാത്തതു ദ്രോഹമാണെന്ന നിലപാടിലായിരുന്നു അവർ. എന്നാൽ എല്ലാം പതിവുപോലെ ഉൗതിവീർപ്പിച്ച ബജറ്റെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. കിച്ചണ്‍ ബിന്നുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണം ബിജെപി കൗണ്‍സിലറായ കരമന അജിത്ത് ഉന്നയിച്ചു. ഹരിത കർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ചിത്രവും ഉയർത്തിക്കാട്ടി.
ബ്രഹ്മപുരത്ത് കേന്ദ്രീകൃത കത്തിക്കൽ ആയിരുന്നുവെങ്കിൽ തലസ്ഥാനത്ത് വികേന്ദ്രീകൃത കത്തിക്കലാണ് നടക്കുന്നതെന്നും 15 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ അജിത് ആരോപിച്ചു. ചർച്ചയ്ക്കു ശേഷം ബജറ്റ് ഇന്നു പാസാക്കും.