വില്ലേജ് ഓഫീസ് സ്മാർട്ടാണ്..! പക്ഷേ, അവസ്ഥ നാഥനില്ലായ്മ
1281378
Monday, March 27, 2023 12:12 AM IST
കാട്ടാക്കട : സ്മാർട്ടാണ് വിളപ്പിൽ വില്ലേജ് ഓഫീസ്. പക്ഷേ, അവസ്ഥ നാഥനില്ലായ്മയാണെന്ന് ആക്ഷേപം. നാലു മാസമായി വില്ലേജ് ഓഫീസർ ഇല്ലാതെ വിളപ്പിൽ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റിയിട്ട്.
വില്ലേജ് ഓഫീസറുടെ ചുമതല അസിസ്റ്റന്റ് വില്ലേജ് ഓഫീസർക്ക് നൽകിയിട്ടുണ്ടെങ്കിലും വിവിധ അപേക്ഷകർക്ക് സേവനം ലഭിക്കാൻ വൈകുന്നതായും പരാതിയുണ്ട്. മുൻ വില്ലേജ് ഓഫീസർ ഡെപ്യൂട്ടി തഹസിൽദാരായി സ്ഥാനകയറ്റം ലഭിച്ചുപോയതോടെയാണ് പ്രതിസന്ധിയുണ്ടായത്. പുതിയൊരാളെ നിയമിച്ചെങ്കിലും ഇവരെ ഉടൻ സ്ഥലം മാറ്റിയിരുന്നു. തുടർന്നു നിയമനം ലഭിച്ച ഉദ്യോഗസ്ഥൻ ചുമതല ഏറ്റെടുത്തിട്ടില്ല. വിളപ്പിൽ പഞ്ചായത്തിൽ റിംഗ് റോഡ് വരുന്നതുമായി ബന്ധപ്പെട്ട് ഭൂമി സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാനും അനുമതികൾക്കുമായി നിരധിപേരാണ് ഇവിടെയെത്തി മടങ്ങുന്നത്. റോഡ് വരുന്നതുമായി ബന്ധപ്പെട്ട് ഭൂമി വിവരങ്ങൾ തിരക്കാനെത്തുന്നവർ നിരാശരായി മടങ്ങുന്ന അവസ്ഥയാണ്. വരുമാനം, ജാതി തുടങ്ങിയവ വിവിധ സർട്ടിഫിക്കറ്റുകൾ അക്ഷയ കേന്ദ്രംവഴി രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ അപേക്ഷകനു പ്രസ്തുത സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല.
അപേക്ഷ പരിശോധിക്കുന്നതിനും വസ്തുവിന്റെ പൊസഷൻ തുടങ്ങിയ വിവരങ്ങൾ ബോധ്യപ്പെടുന്നതിനും വില്ലേജ് ഓഫീസിൽ നിന്നെത്തുതും ക്ലാർക്കിന്റെ ജോലികൾ നിർവഹിക്കുന്നതും പാർട്ട് ടൈം സ്വീപ്പറാണെന്നും ആക്ഷേപമുണ്ട്.
റവന്യൂ മാർഗരേഖ പ്രകാരം രാവിലെ 9.30 മുതൽ 11 വരെ മാത്രമേ ഈ കണ്ടീജന്റ് ജീവനക്കാരിക്ക് ഓഫീസിൽ ജോലി ചെയ്യാൻ പാടുള്ളു. 2022ൽ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള സർക്കാരിന്റെ അവാർഡ് ലഭിച്ച വില്ലേജ് ഓഫീസിന്റെ നിലവിലെ അവസ്ഥയാണിത്.