രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധം
1280965
Saturday, March 25, 2023 11:18 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരേ കോർപറേഷൻ ബജറ്റ് യോഗത്തിലും പ്രിതിഷേധം. ഇന്നലെ രാവിലെ 11നു ചേർന്ന ബജറ്റ് അവതരണ യോഗത്തിലാണ് യുഡിഎഫ് കക്ഷിനേതാവ് പി.പദ്മകുമാർ ഈ വിഷയം ഉന്നയിച്ചത്.
എന്നാൽ കോടതിയാണ് രാഹുലിനെ ശിക്ഷിച്ചതെന്നും ബജറ്റ് യോഗത്തിൽ മറ്റ് വിഷയങ്ങൾ ഉന്നയിക്കുന്നത് കീഴ്വഴക്കമല്ലെന്നും പ്രതിഷേധം രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്നും ബിജെപി നേതാവ് എം.ആർ.ഗോപൻ ആവശ്യപ്പെട്ടു.
എന്നാൽ എൽഡിഎഫ് കക്ഷി നേതാവ് ഡി.ആർ. അനിലും കോണ്‍ഗ്രസിന്റെ നിലപാടിനോടു യോജിച്ചു. ബജറ്റ് യോഗമാണെങ്കിലും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും അനിൽ പറഞ്ഞു. അതിൽ സംശയമില്ലെന്നു മേയറും പറഞ്ഞു. ബിജെപിയുടെ ആവശ്യം തള്ളിക്കളയണമെന്നു കോണ്‍ഗ്രസ് കക്ഷി നേതാവ് ജോണ്സണ് ജോസഫും ആവശ്യപ്പെട്ടു. സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് പ്രതിഷേധത്തിനു പിന്നിലെന്നാരോപിച്ച് മുദ്രാവാക്യം വിളികളുമായി ബിജെപി അംഗങ്ങൾ എഴുന്നേറ്റെങ്കിലും മേയർ ആര്യ രാജേന്ദ്രൻ ബജറ്റിന്റെ ആമുഖ പ്രസംഗത്തിലേക്കു കടക്കുകയായിരുന്നു.