എസ്എഫ്ഐ പ്രവര്‍ത്തകരായ മൂന്നു വിദ്യാർഥികൾക്ക് സസ്പെന്ഷന്
1280361
Thursday, March 23, 2023 11:47 PM IST
തിരുവനന്തപുരം: ഗവണ്മെന്റ് ലോ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ പൂട്ടിയിട്ട സംഭവത്തിലും അധ്യാപികയെ ആക്രമിച്ച സംഭവത്തിലും മൂന്നു വിദ്യാര്‍ഥികള്‍ക്കു സസ്പെന്ഷന്. എസ്എഫ്ഐ പ്രവര്‍ത്തകരും അഞ്ചാം വര്‍ഷ വിദ്യാര്‍ഥികളുമായ ആരോമല്‍, ഫഹദ്, സാബിത് എന്നിവരെയാണ് ഇന്നലെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. അധ്യാപകരെ തടഞ്ഞുവച്ച കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി കോളജ് അധ്യാപക കൗണ്‍സില്‍ ചര്‍ച്ച ചെയ്തു വരികയാണ്. നേരത്തെ പോലീസില്‍ നല്കിയ പരാതികളിലെ അന്വേഷണത്തിനു കോളജ് സഹകരിക്കും. കോളജില്‍ ഓണ്‍ലൈന്‍ കോഴ്സ് തുടരുന്നതിനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം മുഴുവന്‍ ക്ലാസുകള്‍ ഓണ്‍ലൈനിലാണ്.
അടുത്തമാസം ആദ്യം അവധിക്കാലം തുടങ്ങുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയില്ല. പ്രശ്നപരിഹാരത്തിന് അടുത്ത തിങ്കളാഴ്ച ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ സംയുക്ത പിടിഎ യോഗം ചേരും. അതേസമയം അധ്യാപികയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ തിരിച്ചറിയാനായില്ലെന്നാണ് പോലീസ് ഭാഷ്യം. പരാതിയില്‍ വിദ്യാര്‍ഥികളുടെ പേര് പറയാത്തതിനാല്‍ ക്യാമറാ ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ കണ്ടെത്താനാണ് തീരുമാനിച്ചത്. എന്നാല്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ കണ്ടെത്താനാകില്ലെന്നാണ് പോലീസ് പറയുന്നത്.
കോളജ് യൂണിയന് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തോടനുബന്ധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്നായിരുന്നു ലോ കോളജില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നാലെ കഴിഞ്ഞ 14ന് ലോ കോളജില്‍ സംഘര്‍ഷമുണ്ടായി. കൊടി നശിപ്പിച്ച 24 പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. ഇതോടെ അധ്യാപകരെ 10 മണിക്കൂര്‍ ഓഫീസ് മുറിയില്‍ ബന്ധിയാക്കി എസ്എഫ്ഐ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമമുണ്ടായി. ഇതോടെ ക്ലാസുകള്‍ പൂട്ടി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ഇരു സംഘടനകളുടെയും ജില്ലാ ഭാരവാഹികളെ പ്രിന്‍സിപ്പാള്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ എസ്എഫ്ഐയുടെ കടുംപിടിത്തം മൂലം ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.