ശാരീരിക പരിമിതികളെ തോൽപ്പിച്ച് വിസ്മയമായി അജിനയും എല്‍ദോയും
1279791
Tuesday, March 21, 2023 11:56 PM IST
മെഡിക്കൽ കോളജ്: ശാരീരിക പരിമിതികളെ പരാജയപ്പെടുത്തി കലാപരമായ കഴിവുകൾ പുറത്തെടുത്തപ്പോൾ അജിനയും എൽദോയും കാണികൾക്ക് വിസ്മയമായി..!
ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തില്‍ മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെത്തിയ ഇരുവരും കലാപരമായ കഴിവില്‍ ഒരുപടി മുന്നിലാണ് തങ്ങളെന്ന് തെളിയിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനെത്തിയ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനൊപ്പമാണ് ഇവർ എത്തിയത്. അജിന ഭരതനാട്യത്തിലൂടെയും എല്‍ദോ മോണോ ആക്ടിലൂടെയുമാണ് കാണികള്‍ക്ക് വിരുന്നൊരുക്കിയത്.
സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളിലും ഡല്‍ഹിയിലും രാഷ്ട്രപതി ഭവനിലുമെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവച്ച് ജനപ്രീതി സമ്പാദിച്ചവരാണ് രണ്ടുപേരും. സെന്റർ ഡയറക്ടർ ഡോ. ദീപ ഭാസ്കരന്, ഡോ. വി.എച്ച് ശങ്കര്‍, കേരള ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷന് പ്രസിഡന്റ് ടി. നാസര്‍ ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.