വിജയമോഹിനി മിൽ അടച്ചുപൂട്ടിയിട്ട് മൂന്നുവർഷം: 23ന് വഞ്ചനാദിനം ആചരിക്കും
1279468
Monday, March 20, 2023 11:31 PM IST
തിരുവനന്തപുരം : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വിജയമോഹിനി മിൽ അടച്ചുപൂട്ടിയിട്ട് 23ന് മൂന്നു വർഷം തികയുന്നു. 23ന് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിക്കും.
രാവിലെ 9.30ന് ഗേറ്റിൽ നടക്കുന്ന പ്രതിഷേധ ധർണ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്യും.2020 ൽ കോവിഡിനെ തുടർന്ന് നാഷണൽ ടെസ്റ്റയിൽസ് കോർപറേഷൻ പ്രവർത്തനം നിർത്തിയപ്പോഴാണ് വിജയമോഹിനി മിൽ പ്രവർത്തനവും നിലച്ചത്. കേരളത്തിൽ വിജയമോഹിനി ഉൾപ്പെടെ അഞ്ച് മില്ലുകൾ അടഞ്ഞു കിടക്കുകയാണ്. കോവിഡുകാലത്ത് തൊഴിലാളികൾക്ക് 35 ശതമാനം വേതനം നൽകിയിരുന്നത് പിന്നീട് നിർത്തി.
അഞ്ചുമാസമായി 35 ശതമാനം വേതനം നൽകുന്നില്ല. ഇഎസ്ഐ, പിഎഫ് വിഹിതങ്ങളും അടയ്ക്കുന്നില്ല. വിജയമോഹിനി ഉൾപ്പെടെ കേരളത്തിലെ അഞ്ച് മില്ലുകൾ സംസ്ഥാന സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായി സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് യൂണിയൻ അഭ്യർഥിച്ചു.