കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് ഏഴിന് കൊടിയേറും
1264936
Saturday, February 4, 2023 11:35 PM IST
തിരുവനന്തപുരം: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് ഏഴിന് കൊടിയേറും.ഏഴിന് രാവിലെ 7.30നും 10.30നും കൊച്ചുപള്ളിയിൽ ദിവ്യബലിയും തുടർന്ന് സ്നേഹവിരുന്നും . ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പ്രാരംഭപ്രദക്ഷിണം രാത്രി 11ന് ഇടവക പള്ളിയിലെത്തുന്നതോടെ തിരുനാളിന് കൊടിയേറും.18ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന ചപ്രപ്രദക്ഷിണം ഏഴുകിലോമീറ്റർ പിന്നിട്ട് പിറ്റേന്ന് പള്ളിയിലെത്തിച്ചേരും. 19ന് രാവിലെ 9.30ന് തിരുനാൾ പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ മുഖ്യകാർമികത്വം വഹിക്കും. ഉച്ചക്ക് 12 മുതൽ നടക്കുന്ന സ്നേഹ വിരുന്നിൽ മുപ്പതിനായിരത്തോളം പേർ പങ്കെടുക്കും.
വൈകുന്നേരം നാലിന് സമാപന സമൂഹദിവ്യബലിയിൽ മോണ്.റൂഫസ് പയസ്ലീൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൊടിയിറക്കലിനുശേഷം കൊച്ചുപള്ളിയിലേക്ക് സമാപന പ്രദക്ഷിണം ആരംഭിക്കും.ഏഴിന് രാത്രി ഏഴിന് തിരുനാൾ സൗഹൃദസന്ധ്യ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശശി തരൂർ എംപി മുഖ്യപ്രഭാഷണം നടത്തും. 14ന് രാത്രി 7.30ന് ലഹരിവിരുദ്ധ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ മോൻസ് ജോസഫ്, എം. വിൻസന്റ് തുടങ്ങിയവർ പ്രസംഗിക്കും. 16ന് രാത്രി 7.30ന് പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു കുഴൽനാടൻ, ഐ.ബി. സതീഷ്, കെ.കെ. രമ, നിംസ് എംഡി ഡോ.എം.എസ്. ഫൈസൽഖാൻ തുടങ്ങിയവർ പ്രസംഗിക്കും. 18ന് രാത്രി 7.30ന് തീർഥാടക സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. എംഎൽഎമാരായ ജി. സ്റ്റീഫൻ, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിക്കും.പത്രസമ്മേളനത്തിൽ ഇടവക വികാരി ഫാ. സജി തോമസ്, ഇടവക കമ്മിറ്റി സെക്രട്ടറി എസ്.എസ്. മനു എന്നിവർ പങ്കെടുത്തു.