സൗഹാർദമില്ലാത്ത സമൂഹത്തിന് നിലനിൽപ്പില്ല സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
1264047
Wednesday, February 1, 2023 11:00 PM IST
പോത്തൻകോട് : സൗഹാർദമില്ലാത്ത സമൂഹത്തിന് അധികകാലം നിലനിൽപ്പില്ലെന്നും ലോകസമാധാനത്തിനും സഹിഷ്ണുതയ്ക്കും മാനവികതയെ ആഘോഷിക്കുന്ന ഇടങ്ങളാണ് ആവശ്യമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ആചരിക്കുന്ന വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതം മനുഷ്യനെ താരതമ്യം ചെയ്യാനുള്ളതാവരുത്. സ്നേഹം പഠിപ്പിക്കുന്ന മതത്തെ ദുരുപയോഗപ്പെടുത്തുമ്പോഴാണ് സമൂഹത്തിൽ അസഹിഷ്ണതകളുണ്ടാകുന്നത്. മതാന്തര സംവാദങ്ങളിലൂടെ മനുഷ്യർ തമ്മിലുളള സൗഹാർദത്തെ ഊട്ടിയുറപ്പിക്കണമെന്നും ആഘോഷങ്ങൾ ജനങ്ങളുടെ നന്മയെ ലക്ഷ്യം വച്ചുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് യോഗ കമ്യൂണിറ്റി ഗ്ലോബൽ ചെയർമാനും യുഎൻ റീലീയിജസ് എൻജിഒകളുടെ സെക്രട്ടറിയുമായ ഗുരു ദിലീപ്ജി മഹാരാജ് ചടങ്ങിൽ അധ്യക്ഷനായി. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, തിരുവനന്തപുരം മേജർ അതിഭദ്രാസനം ജൂഡീഷൽ വികാരി ഫാ. ജോസഫ് വെൺമനത്ത്, സ്വാമി ജനതീർത്ഥൻ, ജനനി പ്രമീള, ഡോ. ടി.എസ്. സോമനാഥൻ, ഡോ.എം.എൻ.സി. ബോസ്, നാരായൺ പണ്ടാല, പി.പി. ബാബു, ഡോ.പി.എ. ഹേമലത, എൻ.എം. മനു, എ.സുകൃത,എം.പി. പ്രമോദ്, ബി. ഷാജി എന്നിവർ പ്രസംഗിച്ചു.