വിമുക്തി സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
1262861
Saturday, January 28, 2023 11:55 PM IST
നെടുമങ്ങാട്: ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റേയും ആനാട് സ്പോർട്സ് ഹബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ താലൂക്കിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചു വിമുക്തി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ സുനിത ഉദ്ഘാടനം ചെയ്തു. 14 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആനാട് എസ്എൻവിഎച്ച്എസ്എസും പെൺകുട്ടികളുടെ വിഭാഗത്തിൽ നെടുമങ്ങാട് ദർശന എച്ച്എസ്എസും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ദർശന എച്ച്എസ് എസും പെൺകുട്ടികളുടെ വിഭാഗത്തിൽ ഇടിഞ്ഞാർ ഗവൺമെന്റ് ഹൈസ്കൂളും റണ്ണേഴ്സ് അപ്പായി. ഇടിഞ്ഞാർ ഗവൺമെന്റ് ഹൈസ്കൂളിലെ ജോബിൻ ജോയ്, അലീന എന്നിവർ മികച്ച ഗോൾ കീപ്പർമാരായും ആനാട് എസ്എൻവിഎച്ച്എസ്എസിലെ അമീർഖാൻ, ഇടിഞ്ഞാർ ഹൈസ്കൂളിലെ അമൃത എന്നിവരെ മികച്ച പ്ലേയർമാരായും നെടുമങ്ങാട് ടെക്നിക്കൽ ഹൈസ് കൂളിലെ അഭിനവിനെ എമർജിംഗ്പ്ലെയറായും തെരഞ്ഞെടുത്തു.
മത്സരത്തിൽ വിജയികളായ വർക്ക് സമാപന സമ്മേളനത്തിൽ ആനാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലിം, വിമുക്തി ജില്ലാ മാനേജർ പി.കെ. ജയരാജ്, നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപ് എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.