റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം തട്ടിയെടുത്ത മുഖ്യപ്രതി അറസ്റ്റിൽ
1262554
Saturday, January 28, 2023 12:03 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്, നെടുമങ്ങാട്, വട്ടപ്പാറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരവധി ഉദ്യേഗാർഥികളിൽ നിന്നും ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് രാമപുരം കിഴക്കുംകര പുത്തൻവീട്ടിൽ നിന്നും നിലവിൽ പൂവത്തൂർ ചെല്ലാങ്കോട് സുരാജ് ഭവനിൽ താമസിക്കുന്ന സുരാജി (40) നെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
സതേൺ റെയിൽവേയിലെ വിവിധ തസ്തിക ജോലി വാഗ്ദാനം നൽകിയാണ് പ്രതി തട്ടിപ്പു നടത്തിയത്. സുരാജ് ഉദ്യേഗാർഥികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് റെയിൽവേയിൽ സ്ഥിരം ജോലി വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ അഡ്വാൻസായി വാങ്ങിയശേഷം ഉദ്യോഗാർഥികളെ ഡൽഹിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയിരുന്നു. ഈ സമയം റെയിൽവേ ഉദ്യോഗസ്ഥർ എന്നു പരിചയപ്പെടുത്തിയ ആളുകളും സംഘത്തിൽ ഉണ്ടായിരുന്നു.
തുടർന്ന് നാട്ടിൽ തിരികെ എത്തിച്ച ഉദ്യോഗാർഥികളെ മാസങ്ങൾക്കു ശേഷം സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ എന്ന പേരിൽ ചെന്നൈ സതേൺ റെയിൽവേ ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ചു റെയിൽവേ ഉദ്യോഗസ്ഥർ എന്ന വ്യാജേന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം നാട്ടിലേക്ക് മടക്കി അയച്ചു.
തുടർന്ന് ബാക്കിതുകയും വാങ്ങിയ ശേഷം റെയിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ നിയമന ഉത്തരവ് തപാൽ വഴി ഉദ്യോഗാർഥികൾക്ക് നൽകുകയായിരുന്നു. നിയമന ഉത്തരവ് ലഭിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാതെ വന്നതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ഈ നിയമന ഉത്തരവ് വ്യാജമായി തയാറാക്കിയതാണെന്നു കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.
മുംബൈയിൽ സ്ഥിര താമസമാക്കിയ മലയാളികളുമായി ചേർന്നാണ് സുരാജ് തട്ടിപ്പ് നടത്തിയത്. സുരാജ് നാട്ടിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. ഇതിന്റെ മറവിലാണ് ഇയാൾ കോടികൾ തട്ടിപ്പു നടത്തിയത്.
വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസ് അന്വേഷണത്തിനായി ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഈ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും അറസ്റ്റു ചെയ്യുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു.
ആറ്റിങ്ങൽ ഡിവൈഎസ്പി പി.ജി. ബിനു, വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ, സബ് ഇൻസ്പെക്ടർമാരായ രാഹുൽഷാൻ, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.