വിതുര ദൈവപരിപാലന ദേവാലയ തിരുനാൾ ഇന്നുമുതൽ
1261998
Wednesday, January 25, 2023 12:25 AM IST
വിതുര : വിതുര ദൈവപരിപാലന ലത്തീൻ കത്തോലിക്ക ദേവാലയ തിരുനാളിനു ഇന്നു തുടക്കമാകും. വൈകുന്നേരം അഞ്ചു മണിക്കു ജപമാല. തുടർന്ന് ഇടവക വികാരി ഫാ. റോബിൻ ചക്കാലക്കൽ തിരുനാൾ കോടിയേറ്റ് നിർവഹിക്കും.
തിരുനാൾ പ്രാരംഭ ദിവ്യബലിക്കു ഫാ. മൈക്കിൾ ചന്ദ്രക്കുന്നേൽ മുഖ്യകർമികനാകും. ഇടവക വികാരി ഫാ. റോബിൻ ചക്കാലക്കൽ, സഹവികാരി ഫാ. ലിനോ കുര്യൻ തുടങ്ങിയവർ സഹകാർമികരാകും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിനു ഫാ. പ്രിൻസ് പഴമ്പിള്ളിയും സംഘവും നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ ഫാ. വി. എൽ പോൾ, ഫാ. ബിനുവർഗീസ്, ഫാ. സെബാസ്റ്റിൻ കണിച്ചുക്കുന്നത്ത് തുടങ്ങിയവർ മുഖ്യകാർമികരാകും. ഫാ. ജസ്റ്റിൻ ഫ്രാൻസിസ്, ഫാ. പ്രദീപ് ആന്റോ തുടങ്ങിയവർ വചന പ്രഘോഷണം നടത്തും. 28ന് ഇടവകദിനാഘോഷ പൊതുസമ്മേളനം കൊപ്പം ആൾ സെയ്ന്റ്സ് ഇടവക വികാരി തോമസ് വേങ്ങാശേരി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇടവകയിലെ ബിസിസി യൂണിറ്റുകൾ കലാപരിപാടികൾ അവതരിപ്പിക്കും.
29ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ചുള്ളിമാനൂർ ഫെറോന വികാരി അനിൽകുമാർ എസ്എം മുഖ്യകാർമികനാകും. തുടർന്നു തിരുസ്വരൂപ പ്രദക്ഷിണത്തോടെ തിരുനാളിനു കൊടിയിറങ്ങും.