നേമം ഗവ. യുപിഎസിൽ ജനകീയ രചനോത്സവം
1261994
Wednesday, January 25, 2023 12:24 AM IST
നേമം: ഗവ. യുപിഎസിൽ സംഘടിപ്പിച്ച ജനകീയ രചനോത്സവം ശ്രദ്ധേയം. വായനാചങ്ങാത്തം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കളെ പങ്കെടുപ്പിച്ചാണ് ജനകീയ രചനോത്സവം സംഘടിപ്പിച്ചത്. രക്ഷിതാക്കൾ തയാറാക്കിയ കലാസൃഷ്ടികൾ എഡിറ്റ് ചെയ്തു പുസ്തകരൂപത്തിലും വായനാ കാർഡുകളുമാക്കി കുട്ടികൾക്ക് വായിക്കാൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കിയത്. തിരക്കുകൾ മാറ്റിവെച്ചാണ് രക്ഷിതാക്കൾ സ്കൂളിലെത്തിയത്. രചനോത്സവത്തെക്കുറിച്ച് അധ്യാപകർ സംവദിച്ചു. തുടർന്നു കുട്ടികൾക്കുവേണ്ടി കഥയും കവിതയും ലേഖനവും എഴുതാനാവശ്യപ്പെട്ടപ്പോൾ അവരുടെ കണ്ണുകളിൽ തിളക്കം. തുടർന്ന് നിരവധി രചനകൾ സൃഷ്ടിക്കപ്പെട്ടു. വായന പ്രോത്സാഹിപ്പിക്കുന്നതിനു സ്കൂളിൽ നടപ്പാക്കുന്ന ക്ലാസ് മുറിയിലെ പുസ്തകച്ചുവർ, അധ്യാപകരുടെയും കുട്ടികളുടെയും പുസ്തക പ്രകാശനങ്ങൾ എന്നിവയുടെ തുടർച്ചയായാണ് രചനോത്സവം നടന്നത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും രചനകൾ അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന് ബി. സ്മിത, കെ. ബിന്ദു പോൾ എന്നിവർ പറഞ്ഞു.