എല്ലാ പഞ്ചായത്തുകളും തരിശുരഹിതമാകണം: മന്ത്രി ജി.ആർ.അനിൽ
1261943
Tuesday, January 24, 2023 11:49 PM IST
നെടുമങ്ങാട് : സംസ്ഥാനത്ത് തരിശു രഹിത പഞ്ചായത്തുകൾ ധാരാളമുണ്ടെന്നും എല്ലാ പഞ്ചായത്തുകളും തങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തരിശു രഹിതമാകണമെന്ന ലക്ഷ്യത്തിൽ ഇടപെടലുകൾ നടത്തണമെന്ന് മന്ത്രി ജി. ആർ.അനിൽ.കൃഷിവകുപ്പ് നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ സംഘടിപ്പിച്ചിട്ടുള്ള പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശന്റെ ആദ്യദിനം കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ കാമ്പയിൻ കാർഷിക മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ സി.എസ്. ശ്രീജയുടെ അധ്യക്ഷത വഹിച്ചു. കാർഷിക പ്രദർശനത്തിന്റെ ഭാഗമായി 50 ലധികം സ്റ്റാളുകൾ പ്രദർശന നഗരിയിൽ സജ്ജമാക്കിയിട്ടുണ്ട്. കർഷക ക്ഷേമ നിധി ബോർഡിൽ അംഗങ്ങളാകുന്നതിനുള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ, കർഷക സംരംഭകർക്കുള്ള രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ സ്റ്റാളുകളിൽ ലഭ്യമാണ്. വിവിധയിനം മഞ്ഞളുകൾ, മറ്റു വിളകളുടെ വിവിധ ഇനങ്ങൾ, കാർഷിക പൈതൃകം വിളിച്ചോതുന്ന പഴയ കാർഷിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ തുടങ്ങിയവ എക്സിബിഷനിൽ പുതുമയേകുന്നതാണ്.