അപകടത്തിൽ പരിക്കേറ്റയാളെ കൊണ്ടുപോകാനെത്തിയ ആംബുലൻസ് ജീവനക്കാരെ അപകടത്തിൽപ്പെട്ടയാൾ ആക്രമിച്ചു : രണ്ടു പേർക്ക് പരിക്ക്
1247080
Friday, December 9, 2022 12:30 AM IST
വിഴിഞ്ഞം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന 108 ആംബുലൻസ് ജീവനക്കാർക്കു നേരെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും നേഴ്സിനും പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡിനു സമീപത്തെ ഓടയിൽ മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്നാണ് സംഭവമുണ്ടായത്.
അപകടത്തിൽ ബാലരാമപുരം സ്വദേശികളായ തൗഫീഖ് (22) ശ്രീനന്ദൻ (19) എന്നിവർക്ക് പരിക്കേറ്റു. തുടർന്ന് സംഭവം കണ്ടുനിന്ന നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിന്റെ സേവനം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ നേമം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് സ്ഥലത്തെത്തി. എന്നാൽ ആംബുലൻസ് എത്തി ജീവനക്കാർ പുറത്തിറങ്ങാൻ ശ്രമിക്കവേ അപകട ശേഷം അക്രമാസക്തനായ തൗഫീഖ് വാഹനത്തിന്റെ ഡോർ പിടിച്ചടയ്ക്കുകയും ജീവനക്കാർക്കു നേരെ അസഭ്യം പറയുകയും ചെയ്തുവെന്ന് സംഭവം കണ്ടു നിന്നവർ പറയുന്നു.
അപകടത്തിൽ പരിക്കുപറ്റി ഓടയിൽ കിടന്ന ശ്രീനന്ദനെ ആംബുലൻസ് ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇതിനിടയിൽ ആംബുലൻസിനുള്ളിൽ കയറിയ തൗഫീഖ് പരിക്കേറ്റ ശ്രീനന്ദനെ മർദിക്കുകയും ഇത് തടയാൻ ശ്രമിച്ച ആംബുലൻസിലെ നഴ്സ് വിഷ്ണുവിനെ ആക്രമിക്കുകയും ചെയ്തു. ഇതു കൂടാതെ തൗഫീഖ് കൈയിൽ ഉണ്ടായിരുന്ന ഹെൽമറ്റ് ആംബുലൻസിനുള്ളിൽ വലിച്ചെറിയുകയും ഇത് തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാഹുലിനെ ആംബുലൻസിലെ ഡോർ പൊട്ടിച്ചെടുത്ത കമ്പി കൊണ്ട് ആക്രമിച്ചതായും നാട്ടുകാർ പറഞ്ഞു.
ഇതേ തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയും തൗഫീഖ് അസഭ്യം പറഞ്ഞു. പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ തൗഫീഖിനെയും ശ്രീനന്ദനെയും ആംബുലൻസിൽ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെയും അക്രമാസക്തനായ തൗഫീഖ് ഡോക്ടറെ അസഭ്യം പറയുകയും ആംബുലൻസ് ജീവനക്കാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം നടത്തുകയും ചെയ്തു.
തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് സ്ഥലത്തെത്തി തൗഫീഖിനെ കസ്റ്റഡിയിൽ എടുത്തു. തൗഫീഖിന്റെ ആക്രമണത്തിൽ പരിക്കേറ്റ ആംബുലൻസ് ജീവനക്കാർ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഡ്യൂട്ടി തടസപ്പെടുത്തിയതിന് ആശുപത്രിയിലെ ഡോക്ടർ നൽകിയ പരാതിയിൽ കോവളം പോലീസ് തൗഫീഖിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.