റോഡ് വികസനത്തിനു മരങ്ങള്‍ മുറിച്ചുമാറ്റിയ സ്ഥലത്ത് പാര്‍ട്ടി ഓഫീസ് കെട്ടിയതായി പരാതി
1247063
Friday, December 9, 2022 12:26 AM IST
നെടുമങ്ങാട് : റോഡ് വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിച്ചു മാറ്റിയ ആനാട് ബാങ്ക് ജംഗ്ഷനിലെ സര്‍ക്കാര്‍ ഭൂമിയില്‍ സിപിഎം കെട്ടിയ പാര്‍ട്ടി ഓഫീസ് പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് പുത്തന്‍പാലം ഷഹീദ്, മൂഴിമണ്ഡലം പ്രസിഡന്റ് വേട്ടംപള്ളി സനല്‍ എന്നിവര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്കി. വികസനത്തിന്റെ പേരില്‍ റോഡിന്റെ ഇരുവശങ്ങളിലും നിന്ന മരങ്ങളത്രയും മുറിച്ചുമാറ്റിയിരുന്നു. ഈ ഭാഗത്താണ് സിപിഎം സര്‍ക്കാര്‍ ഭൂമി കൈയേറി പാര്‍ട്ടി ഓഫീസ് നിര്‍മിച്ചതെന്നും ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും റോഡ് വികസനത്തെ അട്ടിമറിക്കുമെന്നും പരാതിയില്‍ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് റോഡ് പുറമ്പോക്കിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.