തൊളിക്കോട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
1246403
Tuesday, December 6, 2022 11:37 PM IST
വിതുര : കമ്മിറ്റി മിനിട്സുകളുടെ പകർപ്പ് യഥാസമയം നൽകുന്നില്ലെന്ന് ആരോപിച്ച് തൊളിക്കോട് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറിയെ കോൺഗ്രസ് അംഗങ്ങൾ ഉപരോധിച്ചു. ഭരണസമിതി യോഗത്തിലെ തീരുമാനങ്ങളടങ്ങിയ മിനിട്സ് മാസങ്ങളായി പൂർത്തിയാക്കാതെ, ചർച്ചചെയ്യാത്ത തീരുമാനങ്ങൾ പ്രസിഡന്റിന്റെ താത്പര്യ പ്രകാരം തിരുകിക്കയറ്റുന്നതിന് സെക്രട്ടറി കൂട്ടുനിൽക്കുന്നതായി അംഗങ്ങൾ ആരോപിച്ചു.
ഭരണ പ്രതിപക്ഷങ്ങൾ വെവ്വേറെ കൂടി വിവാദമായ നവംബർ 14 ലെ അംഗീകരിച്ച കമ്മിറ്റിയുടേത് അടക്കമുള്ള മിനിട്സ് കോപ്പികൾ ലഭ്യമാക്കണമെന്നും കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.
സെക്രട്ടറി മെഡിക്കൽ അവധി എടുത്തതിനാൽ ചാർജ് വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന്റെ ചേംബറിലായിരുന്നു ഉപരോധം. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എൻ.എസ്. ഹാഷിമിന്റെ നേതൃത്വത്തിൽ തോട്ടുമുക്ക് അൻസർ, ചായം സുധാകരൻ, ഷെമി ഷംനാദ്, എച്ച്. പ്രതാപൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം മുഴുവൻ മിനിട്സുകളും ക്ലോസ് ചെയ്ത് കോപ്പി നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.