ഗവ. ജെബി സ്കൂളിലേക്കുള്ള റോഡിന്റെ ദുരവസ്ഥ; അധികൃതരുടെ അവഗണനയെന്ന് ആക്ഷേപം
1246400
Tuesday, December 6, 2022 11:36 PM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗവ. ജെബിഎസ് വിദ്യാലയത്തിലേക്കുള്ള റോഡ് മെറ്റലിളകി തകർന്ന നിലയിൽ. നൂറു കണക്കിന് കുട്ടികള്‍ വന്നുപോകുന്ന റോഡിന്റെ ഈ ഗതികേടിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് താത്പര്യമില്ലെന്ന ആക്ഷേപം വ്യാപകമാകുന്നു.
നെയ്യാറ്റിന്‍കര താലൂക്കിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിലിടം നേടിയതാണ് ഗവ. ജെബിഎസ്. ടി ബി ജംഗ്ഷന് ആശുപത്രി ജംഗ്ഷന് റോഡില്‍ നഗരസഭ ഓഫീസിനു നേരെ എതിര്‍വശത്തായി ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷനു സമീപത്തും നിന്നും ആരംഭിക്കുന്ന പാത നേരെ ചെന്നിറങ്ങുന്നത് മുനിസിപ്പല്‍ സ്റ്റേഡിയം ആശുപത്രി ജംഗ്ഷന് റോഡിലാണ്. റെയില്‍വേ സ്റ്റേഷനിലേക്കും ഈ പാതയിലൂടെ വേഗം എത്തിച്ചേരാം. പിഡബ്ല്യുഡി, കെഎസ്ഇബി, എന്‍ഐപി മുതലായവയുടെ ഓഫീസുകളിലേയ്ക്കുള്ള മാര്‍ഗവും ഇതുതന്നെ.
ആയിരത്തോളം വിദ്യാര്‍ഥികള്‍ സ്കൂള്‍ അധ്യയന ദിവസങ്ങളില്‍ സഞ്ചരിക്കുന്ന ഈ റോഡ് തകര്‍ന്ന നിലയിലായിട്ട് മാസങ്ങളായി. റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും യാത്രക്കാരുടെയുമൊക്കെ ആവശ്യം അധികൃതര്‍ ഇതുവരെയും മുഖവിലയ്ക്കെടുത്തിട്ടില്ല. മഴക്കാലത്ത് റോഡിലെ ഗട്ടറുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പൊതുവേ വീതി കുറഞ്ഞ റോഡിലെ മറ്റൊരു പ്രധാന തലവേദന സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗാണ്.
ട്രെയിനില്‍ പോകുന്ന യാത്രക്കാരടക്കമുള്ളർ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഈ റോഡിലാണ്. ഇരുവശത്തും പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളുടെ നടുവിലൂടെ സ്കൂള്‍ വാനും മറ്റു വാഹനങ്ങളും ഏറെ ബദ്ധപ്പെട്ടാണ് കടന്നുപോകുന്നത്. റോഡ് അടിയന്തരമായി നവീകരിച്ച് അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും മാലിന്യ നിക്ഷേപം കര്‍ശനമായി തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.