പ്രതികളുടെ പാസ്പോർട്ട് വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു
1245802
Sunday, December 4, 2022 11:43 PM IST
വിഴിഞ്ഞം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബണ്ഡ പ്പെട്ട് ആരെയും അറസ്റ്റ് ചെയ്തില്ലെങ്കിലും കടുത്ത നടപടിക്കൊരുങ്ങി പോലീസ്.
കേസിലെ പ്രതികളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുന്ന അധികൃതർ ലുക്ക്ഔട്ട് നോട്ടീസ് നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് നിർണായകമായ തീരുമാനമെടുത്തത്.
സ്റ്റേഷൻ അക്രമണത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന മൂവായിരത്തോളം പേരിൽ ആയിരം പേരെ തിരിച്ചറിഞ്ഞതിൽ നാനൂറോളം പേരുടെ വ്യക്തമായ വിവരങ്ങൾ പോലീസ് ശേഖരിച്ചു. എന്നാൽ അറസ്റ്റ് ഉടൻ ഉണ്ടാകില്ല.
ക്രിസ്മസ് ന്യൂ ഇയർ അവധി പ്രമാണിച്ച് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ നിരവധിപേർ സ്റ്റേഷൻആക്രമണത്തിൽ പങ്കെടുത്തതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ഇവർ രാജ്യം വിടുന്നത് തടയാനുള്ള ശ്രമങ്ങളാണ് തുടങ്ങിയത്. അതേസമയം പോലീസ് സ്റ്റേഷൻ കയറി ആക്രമണം നടത്തി എസ്ഐ ഉൾപ്പെടെയുള്ളവരെ മാരകമായി പരിക്കേൽപ്പിച്ച് ഒരാഴ്ചയായിട്ടും പ്രതികളിൽ ഒരാളെ പോലും പിടികൂടാത്തതിൽ പോലീസുകാർക്കിടയിൽ രോഷം പുകയുകയാണ്. എന്നാൽ ഏതു സമയത്തും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കായി പോലീസിനോട് തയാറായിരിക്കാൻ അധികൃതർ നിർദേശം നൽകിയതായി ബന്ധപ്പെട്ടവർ പറയുന്നു.