കുന്നത്തുകാല്‍ പഞ്ചായത്തിൽ ഗ്രാമവണ്ടി ഓടിത്തുടങ്ങി
1244962
Friday, December 2, 2022 12:08 AM IST
വെള്ളറട : കുന്നത്തുകാല്‍ പഞ്ചായത്തില്‍ ആരംഭിച്ച ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ അവര്‍ ആവശ്യപ്പെടുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഗ്രാമവണ്ടി. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
പഞ്ചായത്തില്‍ നിലവില്‍ 10 സര്‍വീസുകളാണ് ഗ്രാമവണ്ടിയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 6:10 നു പാറശാല ഡിപ്പോയില്‍ നിന്ന് ആദ്യ ട്രിപ്പ് ആരംഭിക്കും. അവസാന ട്രിപ്പ് വൈകുന്നേരം 5:45 നു നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെട്ട് പാറശാല ഡിപ്പോയിലെത്തും. കാരക്കോണം, ആലുവിള, നാറാണി, പെരുംകടവിള, ആലത്തൂര്‍, തേരാണി, ആനാവൂര്‍, മണവാരി, ചാമവിള, ധനുവച്ചപുരം, വെള്ളറട തുടങ്ങി യാത്രക്ലേശം അനുഭവിക്കുന്ന നിരവധി ഉള്‍പ്രദേശങ്ങളിലൂടെയാണ് ബസ് സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായകമാകും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാമവണ്ടി പദ്ധതിക്ക് വാഹനം, ജീവനക്കാര്‍, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവുകള്‍ കെഎസ്ആര്‍ടിസി വഹിക്കും. ഇന്ധനച്ചെലവ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കണ്ടെത്തണം. സ്വകാര്യ വ്യക്തികള്‍ക്കും ഈ ചെലവ് ഏറ്റെടുക്കാം. പദ്ധതി വന്‍ വിജയമായതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി.