നേമം ഗവ.യുപിഎസ് പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്
1244906
Thursday, December 1, 2022 11:23 PM IST
നേമം : നേമം ഗവ.യുപിഎസിലെ പ്രീപ്രൈമറി വിഭാഗം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നു. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി അക്കാദമിക്ക് വിദഗ്ധരുടെ സംഘം സ്കൂൾ സന്ദർശിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ തീമുകളെ അടിസ്ഥാനമാക്കി ജലാശയങ്ങൾ, ശലഭോദ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പൂന്തോട്ടം, പ്രകൃതി പഠനഹരിതയിടങ്ങൾ എന്നിവ സ്കൂൾ വളപ്പിൽ സ്ഥാപിക്കും. സൂക്ഷ്മ സ്ഥൂല പേശി വികസനത്തിനും ഇൻഡോർ ഔട്ട്ഡോർ ഗെയിമുകൾക്കും അവസരമൊരുക്കുന്നതിന് സ്കൂൾ വളപ്പിൽ വിദ്യാർഥികളുടെ പാർക്ക് സ്ഥാപിക്കും. പഠനം ആസ്വാദ്യമാക്കാനും അക്കാദമിക് നിലവാരമുയർത്താനും 13 പഠനയിടങ്ങളൊരുക്കും.
പ്രീ സ്കൂൾ സങ്കല്പങ്ങളെ യാഥാർഥ്യമാക്കുന്നതിന് വേണ്ടി വർണ കൂടാരം എന്ന പേരിൽ തയാറാക്കിയ മാർഗരേഖയെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള വിദ്യാലയത്തെ പ്രതിനിധികരിച്ച് മൂന്ന് റിസോഴ്സ് അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായി. വരുംദിവസങ്ങളിൽ പ്രഥമാധ്യാപകനും എസ്എംസി ചെയർമാനും പരിശീലനം നൽകും. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഒാഫീസർ വി.റെനി , വിനോദ്, ലിജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്കാദമിക് സന്ദർശനം നടത്തിയത്.