വിരണ്ടോടിയ പോത്ത് നഗരത്തെ വിറപ്പിച്ചു
1226408
Friday, September 30, 2022 11:50 PM IST
തിരുവനന്തപുരം: കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് നഗരത്തിൽ പരിഭ്രാന്തി പടർത്തി. പാളയത്ത് നിന്ന് വിരണ്ടോടിയ പോത്ത് മ്യൂസിയം വളപ്പിലേക്ക് ഓടിക്കയറി. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് പോത്തിനെ പിടികൂടിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷൻ ഗേറ്റിലൂടെ പോത്ത് മ്യൂസിയത്തിനുള്ളിലേക്കു കടന്നു. തുടർന്ന് മ്യൂസിയത്തിലെ നടപ്പാതയിലൂടെ വിരണ്ട് ഓടുകയായിരുന്നു. സംഭവത്തിൽ കാൽനടയാത്രക്കാരനായ ഒരാൾക്ക് നിസാര പരിക്കേറ്റു.
പാളയം ഭാഗത്തു നിന്ന് പ്രായമായ ആളാണ് പോത്തിനെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇയാൾ രക്ഷപ്പെട്ടു. പോത്തിന്റെ കൊന്പ് ഇളകിയ നിലയിലാണ്. ഇതിന്റെ വേദന കാരണമാകാം പോത്ത് ഓടിയതെന്നാണ് സംശയിക്കുന്നത്. വഴിയിലൂടെ പോത്ത് ഓടി വരുന്നത് കണ്ട് ആളുകൾ ഓടി മാറിയതാൽ കൂടുതൽ പേർക്ക് പരിക്കേറ്റില്ല. എന്നാൽ ഒരാളെ പോത്ത് ഇടിച്ചുവീഴ്ത്തി. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഒടുവിൽ ചെങ്കൽച്ചൂളയിൽ നിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി കയറുകൊണ്ടുള്ള വലിയ വല വിരിച്ചാണ് പോത്തിനെ കുടുക്കിയത്.