രാജ്ഭവനുകളെ കാര്യഭവനാക്കി മാറ്റാനും കാവിവത്കരണം നടപ്പാക്കാനും ശ്രമം: ജസ്റ്റീസ് കെ. ചന്ദ്രു
1226407
Friday, September 30, 2022 11:50 PM IST
തിരുവനന്തപുരം: രാജ്ഭവനുകളെ കാര്യഭവനാക്കി മാറ്റാനും കാവിവൽക്കരണം നടപ്പാക്കാനുമാണ് രാജ്യത്ത് ശ്രമം നടക്കുന്നതെന്നു ജസ്റ്റീസ് കെ. ചന്ദ്രു. എകെജി പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും എന്ന സെമിനാർ എകെജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറവ വറ്റിയ പശുവിനെ ഗോശാലയിലേക്ക് മാറ്റുന്നതുപോലെ സജീവ രാഷ്ട്രീയത്തിൽ ആവശ്യമില്ലാത്തവരെ രാജ്ഭവനിലേക്ക് അയക്കാൻ തുടങ്ങിയത് കോണ്‍ഗ്രസാണ്. ഇവരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം 1960ന് മുന്‍പേ ആരംഭിച്ചിട്ടുണ്ട്. 1957ൽ തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് സർക്കാരിനെ 1959ൽ പിരിച്ചുവിട്ടത് ഇതിനുദാഹരണമാണ്. ഭരണഘടനയോട് ബഹുമാനമില്ലാതെ പെരുമാറുന്നതിലും ഗവർണർ പദവി ദുരുപയോഗപ്പെടുത്തുന്നതിലും കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചത്. നല്ലതും മോശവും ഏറ്റവും മോശവുമായ ഗവർണർമാരുണ്ട്. ഇതിൽ മൂന്നാമത്തെ ഗണത്തിലാണ് ദക്ഷിണേന്ത്യയിലെ ഗവർണർമാരെന്നും ജസ്റ്റീസ് ചന്ദ്രു കുറ്റപ്പെടുത്തി.
കേരള ഗവർണർ രാജ്ഭവനെ ബിജെപിയുടെ പാർട്ടി ഓഫീസാക്കി മാറ്റുകയാണ്. ജനാധിപത്യത്തിൽ ഏറ്റവും കുറഞ്ഞ യോഗ്യത ആവശ്യമുള്ള പദവിയാണ് ഗവർണറുടേത്. തെലങ്കാന, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ബിജെപി ഇതര സർക്കാരുകളാണ് ഭരിക്കുന്നത്. കർണാടകയിൽ ബിജെപിയും. ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡി നിലപാട് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താൽ ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ ഇടപെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി ഗവർണർമാരെ ഉപയോഗപ്പെടുത്തുന്നു. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയെന്ന ഏക ഉത്തരവാദിത്തമാണ് കേന്ദ്രം ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജസ്റ്റിസ് കെ. ചന്ദ്രു രചിച്ച "ഞാനെന്ന ജസ്റ്റീസ്' എന്ന പുസ്തകത്തിന്റെ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഗവർണർ വേണ്ട എന്ന നിലപാടാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കുള്ളതെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. ഗവർണർ ഭരണഘടനാ പദവികൾ നിർവഹിക്കുന്നതിനു പകരം സർക്കാരിനെ പ്രയാസപ്പെടുത്തുകയാണ്. ബിജെപിയുടെ ചട്ടുകമായി മാറുകയാണ് കേരളത്തിലെ ഗവർണറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.