ആനപ്പാറ- മണലി പാലം ഉദ്ഘാടനം ചെയ്തു
1226160
Friday, September 30, 2022 12:21 AM IST
വിതുര : സുരക്ഷിതമായ യാത്രാ മാർഗമെന്ന മണലി നിവാസികളുടെ സ്വപ്നത്തിന് ഒടുവിൽ പരിഹാരം. വിതുര പഞ്ചായത്തിലെ ആനപ്പാറ- മണലി പാലം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. അവികസിതവും പിന്നാക്കവുമായ പ്രദേശങ്ങളുടെ വികസനത്തിനായി നടത്തുന്ന കൂട്ടായ ഇടപെടലുകളുടെ തെളിവാണ് ഇത്തരം നിർമാണ പ്രവർത്തികളെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ താല്പര്യം മുൻനിർത്തി പ്രവർത്തിക്കുമ്പോൾ അസാധ്യമായ കാര്യങ്ങൾ സാധ്യമാകുമെന്നും പുതിയ വികസന സംസ്കാരം സംസ്ഥാനത്ത് സംജാതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതുര പഞ്ചായത്തിൽ നിർമിക്കുന്ന പൊതു ശ്മശാനത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി.
നബാർഡ്, എംഎൽഎയുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് 2.10 കോടി ചെലവിലാണ് വാമനപുരം നദിക്ക് കുറുകെ പാലം നിർമിച്ചത്. വിതുര പഞ്ചായത്തിലെ തേവിയോട്, ആനപ്പാറ, മണലി, പൊന്നാംചുണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. പഞ്ചായത്തിൽ ഏറ്റവുമധികം ഊരുകളുള്ള മണലി വാർഡിലേക്കുള്ള ഏക യാത്രാ മാർഗമായ പാലം യാഥാർഥ്യമായതോടെ ഊര് ജനതയുടെ യാത്രാക്ലേശത്തിനും പരിഹാരമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.