ശീമമുളമുക്ക്- പള്ളിമുക്ക് റോഡ് തകർന്നു
1226140
Friday, September 30, 2022 12:16 AM IST
നെടുമങ്ങാട് : കരകുളം പഞ്ചായത്തിലെ ശീമമുളമുക്ക്- കല്ലയം പള്ളിമുക്ക് വഴി പേരൂർക്കട പോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു. നാല് കിലോമീറ്ററോളം ദൂരം റോഡിലെ ടാർ ഇളകി കുണ്ടും കുഴിയുമായി കാൽ നടയാത്ര പോലും ചെയ്യാനാകാത്ത അവസ്ഥയിലാണ്. എംസി റോഡിൽ നിന്ന് വട്ടപ്പാറ വഴി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ പോകുന്നതിനുള്ള എളുപ്പ മാർഗമാണിത്.
റോഡിൽ മെറ്റൽ ഇളക് കിടക്കുന്നതിനാൽ ഇരു ചക്രവാഹനങ്ങൾ വഴുതി വീണു അപകടം പറ്റുന്നതു പതിവ് കാഴ്ചയാണ്. റോഡ് റീ ടാറിംഗിനും ഓട നിർമാണത്തിനുമായി പിഡബ്ല്യുഡി ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ അനുവദിച്ചിട്ടും പണി ആരംഭിക്കാതെ കോൺട്രാക്ടർ അലംഭാവം കാണിക്കുന്നതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നു നാട്ടുകാർ പറയുന്നു.
പ്രദേശവാസികൾ സ്ഥലം എംഎൽഎയും ഭക്ഷ്യ മന്ത്രിയുമായ ജി.ആർ. അനിലിനെ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് അറിയിച്ചതിനെ തുടർന്ന് മന്ത്രി കോൺട്രാക്ടറോട് അടിയന്തരമായി പണി ആരംഭിക്കാൻ നിർദേശിച്ചിരുന്നു.