നെയ്യാറ്റിന്‍കരയിലെ 68 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു
1224053
Saturday, September 24, 2022 12:13 AM IST
തിരുവനന്തപുരം : എല്ലാവര്ക്കും ഭൂമി, എല്ലാവര്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി, നെയ്യാറ്റിന്‍കര താലൂക്കിലെ 68 ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നടന്ന പട്ടയമേള കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടയം ലഭിച്ച കുടുംബങ്ങളുടെ 50 വര്‍ഷമായുള്ള ആവശ്യത്തിനാണ് പരിഹാരമായതെന്ന് അദ്ദേഹം പറഞ്ഞു. നടപടികളിലെ സാങ്കേതികത്വമാണ് പലപ്പോഴും പട്ടയം നല്‍കുന്നതിന് പ്രധാന തടസമാകാറുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നങ്ങളെല്ലാം വേഗത്തില്‍ പരിഹരിച്ചാണ് ഭൂരഹിതരായ കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതെന്നും എംഎല്‍എ പറഞ്ഞു.
നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ പവിത്രാനന്ദപുരം കോളനിയിലെ 30 കുടുംബങ്ങള്‍ക്കും മറ്റ് കോളനികളില്‍ ഉള്‍പ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്കും സുനാമി പുനരധിവാസ പദ്ധതി പ്രകാരം പുനരധിവസിപ്പിക്കപ്പെട്ട 32 കുടുംബങ്ങള്‍ക്കുമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. ഇതിനു പുറമേ മൂന്ന് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി ചെയര്മാന് പി.കെ. രാജ്മോഹൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ ഡാര്വിന്, കുളത്തൂര്‍, അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് കൗണ്‍സലർ, വാര്‍ഡ് മെമ്പര്‍മാര്‍, സബ്കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.