തിരുവനന്തപുരം: 2023 ഓക്ടോബറിൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് മുന്നോടിയായി എല്ലാ രൂപതകളിലും പ്രാദേശിക സിനഡുകൾ നടത്തണമെന്ന ഫ്രാൻസിസ് മാർപാപ്പായുടെ ആഹ്വാനമനുസരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ 2021 ഒക്ടോബർ 17ന് ആരംഭിച്ച സിനഡ് പ്രവർത്തനങ്ങൾ ഇന്ന് വെള്ളയന്പലം ടിഎസ്എസ്എസ് ഹാളിൽ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും. ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം കഴിഞ്ഞ എട്ട്മാസങ്ങളിലായി നടന്ന വിവിധ സിനഡു യോഗങ്ങളുടെ റിപ്പോർട്ടുകൾ അംഗീകരിച്ച് ക്രോഡീകരിക്കും.
കുടുംബം, ബിസിസി, സന്യസ്തർ, വൈദികർ, യുവജനം, ഇടവക എന്നീ തലങ്ങളിൽ നടന്ന സിനഡുകളുടെ റിപ്പോർട്ട് നിക്സണ് ലോപ്പസ്, ശ്രീമതി കവിതാ ജേക്കബ്, ഫാ. ടോമി ഫിലിപ്പ്, ഫാ. എ.ആർ. ജോണ്‍, സനു, ഇഗ്നേഷ്യസ് ലയോളാ എന്നിവർ യോഗത്തിൽ അവതരിപ്പിക്കും.
അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ക്രിസ്തുദാസ്, മോണ്‍. സി. ജോസഫ്, ഫാ.ഡാർവിൻ പീറ്റർ, ഫാ. സന്തോഷ് കുമാർ പനിയടിമ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നി സഭാ ജീവിത നവീകരണത്തിനുള്ള തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഭാരത മെത്രാൻ സമിതി വഴി വത്തിക്കാൻ കാര്യാലയത്തിനു സമർപ്പിക്കും.