കഴക്കൂട്ടം: സംസ്ഥാന ബജറ്റിൽ കഴക്കൂട്ടം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് 556 കോടി രൂപ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി രൂപ, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ ഐടി പാർക്ക് വികസനത്തിന് ഏഴ് കോടി രൂപ, കഴക്കൂട്ടത്ത് ടെക്നോപാർക്ക് വികസനത്തിന് 22 കോടി രൂപ അനുവദിച്ചു. സൊസൈറ്റി ജംഗ്ഷൻ ശ്രീകാര്യം റോഡ് നവീകരണത്തിനായി 75 കോടി രൂപ, പൗണ്ട് കടവ്, വലിയ വേളി, ഒരു വാതിൽകോട്ട, കുളത്തൂർ ഹയർസെക്കഡറി സ്കൂൾ, മണ്ണന്തല, വയന്പാച്ചിറ എന്നിവിടങ്ങളിൽ മൾട്ടിപർപ്പസ് സ്റ്റേഡിയം എന്നിവ നിർമിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തി.
കാര്യവട്ടംചേങ്കോട്ടുകോണം റോഡ് നവീകരണത്തിന് 50 കോടി രൂപ, കഴക്കൂട്ടംശ്രീകാര്യംആക്കുളം സ്വീവേജ് പദ്ധതിക്ക് 50 കോടി രൂപ, കാര്യവട്ടം കേരള സർവകലാശാലയുടെ റോഡിന് ഇരുവശത്തുമുള്ള കാന്പസുകളെ ബന്ധിപ്പിച്ച് മേൽപ്പാലമോ, അടിപ്പാതയോ നിർമിക്കുന്നതിന് 25 കോടി രൂപ വകയിരുത്തി.
കാര്യവട്ടം ഗവണ്മെന്റ് കോളജ് ലേഡീസ് ഹോസ്റ്റൽ നിർമിക്കുന്നതിന് 12 കോടി രൂപയും മണ്ണന്തല എൻസിസി ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് 10 കോടി രൂപയും അനുവദിച്ചു. കാര്യവട്ടം ഗവണ്മെന്റ് കോളജിൽ പുതിയ അക്കാദമിക് ബ്ലോക് നിർമിക്കുന്നതിന് 12 കോടി രൂപയും അനുവദിച്ചു. ചാക്കകൊല്ലപെരുവഴി പാർവതി പുത്തനാർ സംരക്ഷണഭിത്തി നിർമിക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. തെറ്റിയാർതോട് നവീകരണത്തിന് 10 കോടി രൂപയും കേശവദാസപുരം കട്ടച്ചൽകോണം സ്കൂളിന് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിന് അഞ്ചു കോടി, കാട്ടായിക്കോണം യുപിഎസിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് അഞ്ചു കോടി, ചേങ്കോട്ടുകോണം എൽപിഎസിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് രണ്ടു കോടി രൂപ, ശ്രീകാര്യം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിന് അഞ്ചു കോടി രൂപ വകയിരുത്തി. പാണൻവിളപാറോട്ടുകോണംകരിയം റോഡിന് ബിഎം ആൻഡ് ബിസി ടാറിംഗ് ചെയ്യുന്നതിന് അഞ്ചു കോടി രൂപ, കഴക്കൂട്ടം വനിതാ ഐടിഐ ഓഡിറ്റോറിയം നിർമാണത്തിന് ഒരു കോടി രൂപയും അനുവദിച്ചു. കഴക്കൂട്ടം മണ്ഡലത്തിനായി ബജറ്റിൽ 556 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചത് വികസന മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.