Jeevithavijayam
9/23/2022
    
എല്ലാം കാണുന്ന ദൈവം
വന്ധ്യയായ സാറ തനിക്ക് ഒരമ്മയാവാന്‍ സാധിക്കാത്തതിലുള്ള ദുഃഖം പേറി കഴിയുന്നകാലം. ഒരു ദിവസം വിദൂരത്തേക്കു കണ്ണുംനട്ട് വീടിന്റെ ഉമ്മറത്ത് സാറ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാറയുടെ തോഴിമാരിലൊരാളായ ഹാഗാര്‍ എന്തോ കാര്യത്തിനായി സാറയെ സമീപിച്ചത്.

സാറയുടെ തോഴിമാരില്‍ ഏറ്റവും സുന്ദരിയായിരുന്നു ഹാഗാര്‍. ഈജിപ്റ്റുകാരിയായ അവള്‍ തന്റെ യജമാനത്തിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ സാറയുടെ മനസില്‍ ഒരു മോഹമുദിച്ചു. ദാസിയായ ഹാഗാറിലൂടെ തന്റെ ഭര്‍ത്താവായ ഏബ്രഹാമില്‍നിന്ന് ഒരുകുട്ടിയെ ജനിപ്പിക്കണം. അങ്ങനെ ജനിക്കുന്ന കുട്ടിയെ തന്റെ മകനായി താലോലിച്ചു വളര്‍ത്തണം. അങ്ങനെ തനിക്ക് ഒരമ്മയാകാന്‍ സാധിക്കാത്തതിലുള്ള ദുഃഖത്തിന് അറുതിവരുത്തണം.

തനിക്കുവേണ്ടി തന്റെ ദാസിയിലൂടെ ജനിക്കാന്‍ പോകുന്ന പുത്രനെക്കുറിച്ച് സാറ ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഏബ്രഹാം വയലില്‍നിന്നു പണികഴിഞ്ഞു മടങ്ങിയെത്തി. ഏബ്രഹാമിനെ കണ്ടയുടനേ സാറ ഓടിച്ചെന്നു വിവരം പറഞ്ഞു. ഏബ്രഹാമിനു സ്വീകാര്യമായിരുന്നു സാറയുടെ നിര്‍ദേശം.

അധികം താമസിയാതെ ഹാഗാര്‍ ഏബ്രഹാമില്‍നിന്ന് ഗര്‍ഭിണിയായി. അപ്പോള്‍ സാറയുടെ മനസു മാറി. ഒരു കുട്ടിയുടെ അമ്മയാകുകവഴി തന്റെ ദാസി തന്നെക്കാള്‍ കേമിയായിത്തീരുന്നതിനെക്കുറിച്ച് സാറയ്ക്ക് ചിന്തിക്കാന്‍പോലും സാധിച്ചില്ല. സാറ പരാതിയും കണ്ണുനീരുമായി ഏബ്രഹാമിനെ സമീപിച്ചു.

അപ്പോള്‍ ഏബ്രഹാം സാറയോടു പറഞ്ഞു: ''ഹാഗാര്‍ നിന്റെ ദാസിയല്ലേ? നിനക്കിഷ്ടംപോലെ ചെയ്തുകൊള്ളൂ.'' സാറ അന്നുമുതല്‍ ഹാഗാറിനെ നിരന്തരം ശല്യപ്പെടുത്താനും പീഡിപ്പിക്കാനും തുടങ്ങി. സാറയുടെ ശല്യം വര്‍ധിച്ചപ്പോള്‍ ഹാഗാര്‍ ജീവനുംകൊണ്ട് ഒളിച്ചോടി.

ആ ഒളിച്ചോട്ടത്തിനിടയില്‍ വിശ്രമിക്കാനായി ഹാഗാര്‍ ഒരിടത്തിരുന്നു. അപ്പോള്‍ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഗര്‍ഭിണിയായ ഹാഗാറിനോട് ചോദിച്ചു: ''നീ എങ്ങോട്ടാണ് പോകുന്നത്?'' അപ്പോള്‍ ഹാഗാര്‍ പറഞ്ഞു: ''എനിക്കറിയില്ല. ഞാന്‍ എന്റെ യജമാനത്തിയുടെ ശല്യംമൂലം ഒളിച്ചോടുകയാണ്.''

ദൈവദൂതന്‍ പറഞ്ഞു: ''നീ നിന്റെ യജമാനത്തിയുടെ പക്കലേക്കു മടങ്ങിപ്പോകുക. നിനക്കൊരു പുത്രന്‍ ജനിക്കും. അവന് നീ ഇസ്മായേല്‍ എന്നു പേരിടണം. കാരണം ദൈവം നിന്റെ നിലവിളി കേട്ടിരിക്കുന്നു.'' ദൈവം തന്റെ ദുഃഖം കണ്ട് തന്നെ ആശ്വസിപ്പിക്കാന്‍ ഒരു ദൈവദൂതനെ അയച്ചതില്‍ ഹാഗാര്‍ ഏറെ സന്തോഷിച്ചു. ദൈവദൂതനിലൂടെ തന്നോടു സംസാരിച്ച ദൈവത്തെ ''എല്ലാം കാണുന്ന ദൈവം'' എന്ന് അവള്‍ അന്നു പേരുവിളിച്ചു.

ഹാഗാര്‍ അന്ന് അറിയുകയും മനസിലാക്കുകയും ചെയ്തതുപോലെ, നമ്മുടെ ദുഃഖങ്ങളെല്ലാം കാണുന്നവനാണു ദൈവം. അതുപോലെ ആ ദുഃഖങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നവനുമാണ് അവിടുന്ന്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ദുഃഖങ്ങളുണ്ടാകുമ്പോള്‍ ദൈവം എവിടെയാണ് എന്നു ചിലപ്പോഴെങ്കിലും നാം ചോദിച്ചുപോകാറില്ലേ? ഒരുപക്ഷേ, നമ്മുടെ ദുഃഖത്തിനു പെട്ടെന്ന് ശമനം കാണാത്തതുകൊണ്ടാകണം നാം അങ്ങനെ ചോദിച്ചുപോകുന്നത്.

ഹാഗാറിന്റെ കഥയിലേക്കു വീണ്ടും മടങ്ങിവരട്ടെ: ദൈവദൂതന്‍ ആവശ്യപ്പെട്ടതുപോലെ തന്റെ യജമാനത്തിയുടെ പക്കല്‍ തിരിച്ചെത്തിയ ഹാഗാര്‍ അധികനാള്‍ കഴിയുന്നതിനുമുമ്പ് ഒരു പുത്രനെ പ്രസവിച്ചു. ഇസ്മായേല്‍ എന്നു പേരു വിളിക്കപ്പെട്ട അവന്‍ ഏബ്രഹാമിന്റെ ഭവനത്തില്‍ വളര്‍ന്നു. ഇതിനിടയില്‍ ദൈവത്തിന്റെ പ്രത്യേകാനുഗ്രഹംമൂലം സാറ ഏബ്രഹാമില്‍നിന്ന് ഒരു പുത്രനെ പ്രസവിച്ചു. ഇസഹാക്ക് എന്നു പേരുവിളിക്കപ്പെട്ട അവന്‍ ഇസ്മായേലുമായി കളിച്ചുവളര്‍ന്നു.


ഒരു പുത്രനെ പ്രസവിക്കാന്‍ സാധിച്ചതില്‍ സാറ ഏറെ സന്തോഷവതിയായിരുന്നെങ്കിലും ഏബ്രഹാമിനു ഹാഗാറില്‍ ജനിച്ച ഇസ്മായേല്‍ ഏബ്രഹാമില്‍നിന്നു സകല അവകാശങ്ങളും തട്ടിയെടുക്കുമോ എന്നു സാറ ഭയപ്പെട്ടു. തന്മൂലം ഹാഗാറിനെയും അവളുടെ പുത്രനെയും വീട്ടില്‍നിന്നു പുറത്താക്കാന്‍ സാറ ഏബ്രഹാമിനോടാവശ്യപ്പെട്ടു. മനസില്ലാമനസോടെ ഏബ്രഹാം ഹാഗാറിനെയും ഇസ്മായേലിനെയും അവകാശങ്ങളൊന്നുമില്ലാതെ പറഞ്ഞയച്ചു.

ഏബ്രഹാമിന്റെ ഭവനത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഹാഗാറും ഇസ്മായേലും ബീര്‍ഷിബ മരുഭൂമിയിലെത്തി. അവിടെ വെള്ളം കിട്ടാതെ ഇസ്മായേല്‍ തളര്‍ന്നുവീണപ്പോള്‍ ഹാഗാര്‍ ആകെ തകര്‍ന്നുപോയി. തളര്‍ന്നവശനായ മകന്റെ മുമ്പിലിരുന്നുകൊണ്ട് തന്റെ ദൈവം എവിടെ എന്നവള്‍ അറിയാതെ ചോദിച്ചുപോയി. തനിക്കും പുത്രനും മരിക്കാന്‍ സാധിച്ചെങ്കില്‍ എന്നവള്‍ ആശിച്ചു.

തന്റെയും പുത്രന്റെയും ദുര്‍വിധിയോര്‍ത്ത് അവള്‍ കണ്ണീരൊഴുക്കുമ്പോള്‍ ഒരു ദൈവദൂതന്‍ അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ''ദൈവം നിന്റെ നിലവിളി കേട്ടിരിക്കുന്നു. നീ എന്തിനാണ് ഭയപ്പെടുന്നത്? നീ വിഷമിക്കേണ്ട. നിന്റെ പുത്രന്‍ വലിയൊരു ജനവിഭാഗത്തിന്റെ പിതാവായിത്തീരും.''

ദൈവം തന്റെ ദൂതനിലൂടെ ആശ്വാസവചനങ്ങള്‍ മാത്രമല്ല അന്ന് അവര്‍ക്കു നല്‍കിയത്. ദാഹിച്ചവശരായ അവര്‍ക്കവിടുന്നു ജലം നല്‍കി. അവരെ പുതിയൊരു നാട്ടിലെത്തിച്ചു. പിന്നീട് അവരുടെ ജീവിതത്തില്‍ ദൈവം അവരോടൊപ്പം എന്നുമുണ്ടായിരുന്നെന്നു ബൈബിളിലെ ഉത്പത്തിപ്പുസ്തകത്തില്‍ പറയുന്നു.

എല്ലാം കാണുന്ന ദൈവം ഹാഗാറിന്റെ ദുഃഖം കണ്ടു. അവളുടെ ദുഃഖത്തിന്റെ നിമിഷങ്ങളിലൊക്കെ സഹായവുമായി ദൈവം ഓടിയെത്തുകയും ചെയ്തു. എന്നാല്‍, ദൈവമൊരിക്കലും അവളുടെ ജീവിതം ദുഃഖവിമുക്തമാക്കിയില്ല. പ്രത്യുത, അവളുടെ ജീവിതത്തില്‍ ദുഃഖങ്ങളുണ്ടാകുമ്പോഴൊക്കെ അവയെ നേരിടാനും മറികടക്കാനും അവള്‍ക്കു സഹായം നല്‍കുക മാത്രമാണു ചെയ്തത്. നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത് ഇതുപോലെയാണ്. ദൈവത്തിന്റെ അനന്തപരിപാലനയനുസരിച്ച് ഈ ലോകത്തിലെ നമ്മുടെ ജീവിതം ദുഃഖവിമുക്തമല്ല. എന്നാല്‍, നമുക്കു ദുഃഖങ്ങളുണ്ടാകുമ്പോഴൊക്കെ നമ്മെ സഹായിക്കാന്‍ വിവിധ രീതിയില്‍ അവിടുന്ന് ഓടിയെത്തുന്നുണ്ട് എന്നതാണ് വാസ്തവം. പലപ്പോഴും മറ്റു മനുഷ്യരിലൂടെയാവും അവിടുന്ന് നമ്മുടെ സഹായത്തിനെത്തുക. മറ്റവസരങ്ങളില്‍ നേരിട്ടുതന്നെയാവും അവിടുന്ന് നമ്മെ സഹായിക്കുന്നത്.

ഏതായാലും ഒരുകാര്യം തീര്‍ച്ചയാണ്: എല്ലാം കാണുന്നവനായ ദൈവം നമ്മുടെ ദുഃഖങ്ങള്‍ ശരിക്കും കാണുന്നുണ്ട്. അതുപോലെ, അനുഗ്രഹങ്ങള്‍ നല്‍കി നമ്മുടെ ദുഃഖത്തെ നേരിടാന്‍ അവിടുന്ന് നമുക്കു ശക്തിയും നല്‍കുന്നുണ്ട്. നമ്മെ എപ്പോഴും അനുഗ്രഹിക്കുന്നവനായ ദൈവത്തിന്റെ പക്കലേക്ക് എപ്പോഴും, പ്രത്യേകിച്ച് ദുഃഖത്തിന്റെ നിമിഷങ്ങളില്‍, നമുക്കു തിരിയാം.
    
To send your comments, please clickhere