അമേരിക്കൻ നടനായ റോബർട്ട് യംഗിന്റെ പുന്നാരമോളാണ് കാത്തി. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപായി പ്രാർഥിക്കുവാൻ മമ്മിയും ഡാഡിയും അവളെ പഠിപ്പിച്ചിരുന്നു.
മാതാപിതാക്കൾ പഠിപ്പിച്ചതനുസരിച്ചു ദൈവത്തിന്റെ ദാനങ്ങൾക്കു നന്ദി പറയുകയാണു പ്രാർഥനയിൽ അവൾ ആദ്യം ചെയ്തിരുന്നത്. അതിനുശേഷം, മമ്മിയെയും ഡാഡിയെയും ഉൾപ്പെടെ, തങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുവാൻ അവൾ പ്രാർഥിക്കും. അതിനുശേഷം തനിക്ക് ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് അവൾ പറയും.
ഒരു ദിവസം പ്രാർഥന അവസാനിപ്പിക്കുന്നതിനു മുൻപ് കാത്തി അല്പസമയം മൗനം പാലിച്ചു. എന്നിട്ടു ദൈവത്തോടു ചോദിച്ചു: ന്ധന്ധദൈവമേ, അങ്ങേക്കുവേണ്ടി ഞാൻ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടോ?’’
കാത്തിയുടെ ഡാഡിയെയും മമ്മിയെയും ചിന്തിപ്പിച്ച ഒരു ചോദ്യമായിരുന്നു അത്. കാത്തിയുടെ നിഷ്കളങ്കമായ ഈ ചോദ്യം അവരുടെ ജീവിതത്തെ മാറ്റിമറിച്ചതായി യംഗ് സാക്ഷിക്കുന്നു.
പ്രാർഥനയിലൂടെ ദൈവത്തോട് ഒട്ടേറെ അനുഗ്രഹങ്ങൾ ചോദിക്കുന്നവരാണു നമ്മൾ. പലപ്പോഴും നമ്മുടെ ആവശ്യങ്ങളുടെ ലിസ്റ്റുകൊണ്ടു നമ്മുടെ പ്രാർഥനയുടെ സമയം തീരുകയാണു പതിവ്. എന്നാൽ, നാം ദൈവത്തിന്റെ സഹായം ചോദിക്കുന്നതുപോലെ അവിടുന്ന് നമ്മുടെ സഹായം പല കാര്യങ്ങളിലും ചോദിക്കുന്നുണ്ടെന്നു നാം ഓർമിക്കാത്തതെന്തേ?
ഓരോരോ ആളുകൾ ഏതെല്ലാം കാര്യത്തിനായാണു ദൈവത്തോടു പ്രാർഥിക്കുന്നത്. അവരുടെ പ്രാർഥനകൾ പലപ്പോഴും നമ്മുടെ സഹായത്താൽ മാത്രമേ ദൈവത്തിനു സാധിച്ചുകൊടുക്കാൻ സാധിക്കൂ എന്നതാണു വാസ്തവം. ഉദാഹരണത്തിന്, വിശക്കുന്ന ഒരാൾ അപ്പത്തിനായി പ്രാർഥിക്കുന്നു എന്നു കരുതുക. അയാളുടെ സഹജീവികളായ നമ്മൾവഴിയല്ലാതെ അയാളെ സഹായിക്കുവാൻ ദൈവത്തിനെങ്ങനെ സാധിക്കും?
പണത്തിന്റെ പേരിൽ ഭർത്താവിനോടു ശണ്ഠ കൂടിയാണ് ഡോണ കോളിൻസ് അന്നു വീട്ടിൽനിന്നിറങ്ങിയത്. കോളജിൽ പഠിക്കുന്ന ഡോണയ്ക്ക് അത്യാവശ്യം വേണ്ടിയിരുന്ന തുക കൊടുക്കുവാൻ അവളുടെ ഭർത്താവായ ചാർളിക്കു സാധിച്ചില്ല. അതായിരുന്നു വഴക്കിനു കാരണം.
യാത്രയ്ക്കിടയിൽ മെയിൽ ശേഖരിക്കാൻ ഡോണ പോസ്റ്റോഫീസിൽ എത്തി. അവിടെനിന്നു മടങ്ങുന്പോഴാണു പ്രായംചെന്ന ഒരു സ്ത്രീ ഡോണയോട് ഒരു ന്ധറൈഡ്’ ചോദിച്ചത്.
ന്ധന്ധഎനിക്കല്പം തിരക്കുണ്ട്,’’ ഡോണ ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചു. അപ്പോൾ വൃദ്ധ പറഞ്ഞു: ന്ധന്ധഅത്യാവശ്യമുള്ളതു കൊണ്ടു മാത്രമാണു ചോദിക്കുന്നത്. എന്റെ ഒരു സുഹൃത്തിന് ഉടനേ കുറെ മരുന്ന് എത്തിക്കണം. അവിടേക്കു പോകുവാനാണെങ്കിൽ ബസ് സർവീസ് ഇല്ലതാനും.’’
ശല്യമായല്ലോ എന്നു ചിന്തിച്ചുകൊണ്ടു ഡോണ വീണ്ടും അവിടെനിന്നു രക്ഷപ്പെടുവാനുള്ള മാർഗം തെരയുന്പോൾ വൃദ്ധ വീണ്ടും പറഞ്ഞു: ന്ധന്ധആരെയെങ്കിലും സഹായത്തിനയയ്ക്കണമെന്നു ഞാൻ പ്രാർഥിക്കുകയായിരുന്നു. അപ്പോഴാണു നിങ്ങളെ കണ്ടത്. നിങ്ങളെ കണ്ടപ്പോൾത്തന്നെ ദൈവം എന്റെ പ്രാർഥനയ്ക്ക് ഉത്തരം തന്നുവെന്ന് എനിക്ക് ഉറപ്പായി.’’
ഉപേക്ഷിക്കുവാൻ പറ്റാതിരുന്നതുകൊണ്ടു മാത്രമാണ് ഡോണ ആ വൃദ്ധയ്ക്ക് അന്നു റൈഡ് കൊടുത്തത്. മേരി എന്നായിരുന്നു വൃദ്ധയുടെ പേര്. മേരിയെയുംകൊണ്ട് ഡോണ കാറിൽ യാത്രചെയ്യുന്പോൾ മേരി പറഞ്ഞു: ന്ധന്ധഞങ്ങൾ ഞാനും എന്റെ ഭർത്താവും പാവപ്പെട്ടവരാണ്. അത്യാവശ്യ ജീവിതസൗകര്യങ്ങൾപോലും ഞങ്ങൾക്കില്ല. എങ്കിലും ദൈവം എപ്പോഴും ഞങ്ങളെ പരിപാലിക്കുന്നു. നോക്കൂ, ഇന്നെനിക്കൊരു റൈഡ് ആവശ്യമായി വന്നപ്പോൾ ദൈവം നിങ്ങളെ അയച്ചില്ലേ?’’
ഇതിനകം അവർ മേരിക്കെത്തേണ്ട സ്ഥലത്തെത്തിക്കഴിഞ്ഞിരുന്നു. ഡോണയോടു നന്ദി പറഞ്ഞു മേരി യാത്രയായി.
മേരി പോയതു പാവപ്പെട്ട തന്റെ ഒരു സുഹൃത്തിനു മരുന്നു വാങ്ങിക്കൊടുക്കുവാനായിരുന്നു. ആ സുഹൃത്തിന്റെ ആവശ്യത്തിൽ സഹായിക്കുവാൻ മേരിയെ അയച്ചത് ദൈവമായിരുന്നില്ലേ? അതുപോലെ, മേരിക്ക് ഒരു റൈഡ് കൊടുക്കുവാൻ ഡോണയെ അയച്ചതും ദൈവമായിരുന്നില്ലേ?
മേരിയുടെ സുഹൃത്തിന്റെ പ്രാർഥനയ്ക്കുള്ള മറുപടിയായിരുന്നു മേരിയുടെ കാരുണ്യപ്രവൃത്തി. അതുപോലെ, മേരിയുടെ പ്രാർഥനയ്ക്കുള്ള മറുപടിയായിരുന്നു ഡോണ നൽകിയ സഹായം. മേരിയുടെ സുഹൃത്തിനെ സഹായിക്കുവാൻ മേരിയുടെ സഹായം ദൈവത്തിന് ആവശ്യമായി വന്നു. അതുപോലെ, മേരിയെ സഹായിക്കുവാൻ ഡോണയുടെ സഹായവും ദൈവത്തിനു തേടേണ്ടിവന്നു.
നമ്മിൽ ഓരോരുത്തരുടെയും പ്രാർഥനയ്ക്കുത്തരം നൽകുവാൻ അവിടുന്നു നമ്മുടെതന്നെ സഹായം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, ദൈവത്തിനു നമ്മുടെ സഹായം ആവശ്യമുണ്ടെന്നുള്ള കാര്യം നാം മറന്നുപോകുന്നു. അതിനുള്ള പ്രധാന കാരണം നമ്മുടെ ശ്രദ്ധ എപ്പോഴും നമ്മുടെതന്നെ കാര്യങ്ങളിലാണ് എന്നതാണ്.
നാം ദൈവത്തോടു പ്രാർഥിക്കുന്പോൾ കൊച്ചുകുട്ടിയായ കാത്തി ചോദിച്ചതുപോലെ നാമും ചോദിക്കണം: ന്ധന്ധദൈവമേ, ഇന്ന് അങ്ങേക്ക് എന്റെ എന്തു സഹായമാണു വേണ്ടത്?’’ ദൈവത്തോട് ഇങ്ങനെ ചോദിച്ചാൽ മാത്രം പോരാ; അവിടുന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കുവാൻ നാം തയാറാവുകയും വേണം. അങ്ങനെ ചെയ്താൽ എല്ലാവരുടെയും പ്രാർഥന എത്രയുംവേഗം സാധിച്ചുകൊടുക്കുവാൻ ദൈവത്തിനു കഴിയും.
തനിക്ക് അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം പോലുമില്ലെന്നു പിറുപിറുത്തിരുന്ന ഡോണ, മേരിക്ക് ഒരു റൈഡ് കൊടുത്തതിനു ശേഷം ചെയ്തത് എന്താണെന്നോ? വീട്ടിലെത്തിയ ഉടനേ അവൾ ഭർത്താവിനെയുംകൂട്ടി മേരിയുടെ കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങൾ വാങ്ങി മേരിക്ക് എത്തിച്ചുകൊടുത്തു. അങ്ങനെ ചെയ്തപ്പോൾ തനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്നു ന്ധന്ധഗൈഡ്പോസ്റ്റ്’’ മാസികയിൽ ഡോണതന്നെ എഴുതിയ ലേഖനത്തിൽ പറയുന്നു.
മറ്റുള്ളവരുടെ പ്രാർഥനയ്ക്കുത്തരം നൽകുവാൻ ദൈവത്തിനു നമ്മുടെ സഹായം ആവശ്യമുണ്ട്. ദൈവത്തിന്റെ ആവശ്യങ്ങളിൽ അവിടുത്തെ നമുക്കു സഹായിക്കാം. അപ്പോൾ നമ്മുടെ ആവശ്യങ്ങളിൽ നമ്മെ സഹായിക്കുവാനുള്ള ആളുകളെ കണ്ടെത്തുവാൻ ദൈവത്തിന് എളുപ്പമാകും.