Jeevithavijayam
11/25/2021
    
നാളത്തെ മഴക്കാർ ഇന്നിനെ മൂടിയാൽ
കിടന്നാൽ ഉറക്കം വരാത്ത ഒരു സ്ത്രീ. രാത്രിയിൽ വീട്ടിൽ കള്ളൻ കയറുമെന്നാണ് അവരുടെ ഭയം. ആ ഭയമാണ് അവരുടെ ഉറക്കം കെടുത്തുന്നത്.

അവരുടെ ഭയമകറ്റുവാൻ വേണ്ടി ഭർത്താവ് പല പ്രതിവിധികളും ചെയ്തു നോക്കി. കള്ളനെ അകറ്റി നിർത്തുവാനായി വീട്ടിലും പരിസരത്തും രാത്രി മുഴുവനും വിളക്കു തെളിച്ചിട്ടു. വാതിലും ജനലുമൊക്കെ കൂടുതൽ സുരക്ഷിതമാക്കി. വീടിനുചുറ്റും വലിയ മതിലും നിർമിച്ചു. പക്ഷേ, അപ്പോഴും ആ സ്ത്രീയുടെ ഭയം മാറിയില്ല. ഉറക്കം കിട്ടാതെ അവർ വിഷമിച്ചു.

വർഷങ്ങളങ്ങനെ കഴിഞ്ഞുപോയി. ഒരു ദിവസം രാത്രിയിൽ അവരുടെ വീട്ടിൽ കള്ളൻ കയറി. അപ്പോൾ രണ്ടാംനിലയിലെ കിടപ്പുമുറിയിലായിരുന്നു ഭാര്യയും ഭർത്താവും.

താഴത്തെ നിലയിൽ കള്ളൻ അനങ്ങുന്ന ശബ്ദം കേട്ടപ്പോൾ വീട്ടുടമസ്ഥൻ അങ്ങോട്ടു ചെന്നു. അപ്പോൾ കള്ളൻ അവിടെ നില്പുണ്ടായിരുന്നു.

ന്ധന്ധഗുഡ് ഈവനിംഗ്,’’ വീട്ടുടമസ്ഥൻ കള്ളനോടു പറഞ്ഞു. ന്ധന്ധനിങ്ങളെ കാണുവാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മുകളിലേക്കു വന്ന് എന്‍റെ ഭാര്യയുമായി ഒന്നു സംസാരിക്കൂ. കഴിഞ്ഞ പത്തു വർഷമായി നിങ്ങളെ കാണുവാൻ അവൾ കാത്തിരിക്കുകയായിരുന്നു.’’

വില്യം മാർഷൽ (ന്ധഇറ്റേണിറ്റി ഷട്ട് ഇൻ എ സ്പാൻ’) പറയുന്ന ഒരു കഥയാണിത്. കള്ളൻ ആ സ്ത്രീയെക്കണ്ട് കുശലം പറഞ്ഞോ അതോ വീടിനു വെളിയിലേക്കു ചാടി രക്ഷപ്പെട്ടോ എന്നു കഥയിൽ പറയുന്നില്ല. എന്നാൽ, അക്കാര്യത്തിന് ഇവിടെ വലിയ പ്രസക്തിയില്ല.

ഭയം. അതും അകാരണമായ ഭയം. അതാണ് പത്തുവർഷം ആ സ്ത്രീയുടെ ഉറക്കം കെടുത്തിയത്. അവർ ഭയപ്പെട്ടതുപോലെ അവസാനം സംഭവിച്ചു എന്നതു ശരിതന്നെ. എന്നാൽ, അങ്ങനെയൊരിക്കൽ സംഭവിച്ചേക്കാമെന്നതിന്‍റെ പേരിൽ ആ സ്ത്രീ പത്തുവർഷം തന്‍റെ ഉറക്കം കെടുത്തണമായിരുന്നോ?

ജീവിതത്തിൽ നമ്മെ ആശങ്കാകുലരാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാകാം. എന്നാൽ, അവയെല്ലാം നമ്മുടെ ഉറക്കം കെടുത്തുവാൻ നാം അനുവദിക്കാമോ?

നാം വിദ്യാർഥികളാണെങ്കിൽ പരീക്ഷയിൽ തോറ്റുപോകുമെന്നോ നല്ല മാർക്കു ലഭിക്കുകയില്ലെന്നോ ആയിരിക്കാം നമ്മുടെ ഭയം. നാം തൊഴിലന്വേഷകരാണെങ്കിൽ നമുക്കു നല്ലൊരു ജോലി ലഭിക്കുകയില്ലെന്ന് ആശങ്കയുണ്ടാവാം. നാം കുടുംബം പോറ്റാൻ കഷ്ടപ്പെടുന്നവരാണെങ്കിൽ നാളത്തെ കാര്യങ്ങൾ എങ്ങനെയായിരിക്കും എന്നാകും നമ്മുടെ ആശങ്ക. ബിസിനസുകാരുടെ ഉത്കണ്ഠ ബിസിനസിൽ അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായേക്കുമോ എന്നായിരിക്കും. നമ്മുടെ ആരോഗ്യത്തെക്കുറിച്ചും ജോലിയുടെയും വരുമാനത്തിന്‍റെയും സ്ഥിരതയെക്കുറിച്ചുമൊക്കെ നമുക്കു ഭയാശങ്കകൾ ഉണ്ടാകാം.

എന്നാൽ, നാളെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചേക്കാമെന്നു കരുതി ഇന്നുതന്നെ അതെക്കുറിച്ചു നാം ദുഃഖിക്കുവാൻ തുടങ്ങണോ? സി. സ്വിൻഡൽ എന്ന എഴുത്തുകാരൻ ചോദിക്കുന്നതുപോലെ, നാളത്തെ മഴമേഘങ്ങളെ കൊണ്ടുവന്ന് ഇന്നു നമുക്കുള്ള സൂര്യപ്രകാശത്തെ നാം മൂടണമോ?

ഇന്ന് നമ്മുടെ ജീവിതത്തിൽ സൂര്യപ്രകാശമുണ്ടെങ്കിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് നമുക്കത് ആസ്വദിക്കാം. ഒരുപക്ഷേ നാളെ കോരിച്ചൊരിയുന്ന മഴയും ഇടിയും മിന്നലുമൊക്കെ നമ്മുടെ ജീവിതത്തിലുണ്ടായേക്കാം. പക്ഷേ, അവയെക്കുറിച്ചോർത്തു നാം ഇന്നേ വിഷമിക്കേണ്ടതില്ല.

ഇന്ന് എന്നപോലെ നാളെയും നമ്മുടെ ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടായേക്കാം. എന്നാൽ, നാളെ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രയാസങ്ങളെയോർത്തു നാം ഇപ്പോഴേ വിഷമിച്ചിട്ടു കാര്യമില്ല. അതിനു പകരം നമുക്കു രണ്ടു കാര്യങ്ങൾ ചെയ്യാനാകും. ഒന്ന്: നാളെയിലെ വിഷമസന്ധികളെ അഭിമുഖീകരിക്കുവാൻ പറ്റുന്ന രീതിയിൽ ഇന്നേ ഒരുങ്ങുക. രണ്ട്: നമ്മുടെ ജീവിതം ദൈവത്തിന്‍റെ പരിപാലനയ്ക്കു വിട്ടുകൊടുത്തുകൊണ്ട് ദൈവത്തെ ആശ്രയിച്ചു മുന്നോട്ടു പോവുക.

പ്രശ്നങ്ങളുണ്ടാകുന്പോൾ ഭയപ്പെടുകയും തീ തിന്നുകയുമാണ് പലപ്പോഴും നാം ചെയ്യുന്നത്. എന്നാൽ, അതിനു പകരം ദൈവത്തെ ആശ്രയിക്കുന്നതിനു നമുക്കു ശ്രമിച്ചുകൂടേ?

ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യമാണ് നമുക്കു വേണ്ടത്. അതോടൊപ്പം, ദൈവം ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുവാനും നാം ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ, നമ്മുടെ ജീവിതത്തിലെ ഭയാശങ്കകൾ താനേ അകന്നുപൊയ്ക്കൊള്ളും. നമ്മുടെ ജീവിതം ദൈവത്തിലുള്ള നമ്മുടെ ഉറച്ച വിശ്വാസത്തിലധിഷ്ഠിതമായിരിക്കണമെന്നു ചുരുക്കം.

ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിന്‍റെ ഒരു ജനറലായിരുന്നു ജോർജ് മുള്ളർ മാസെന. പതിനെണ്ണായിരം പട്ടാളക്കാരോടുകൂടി അദ്ദേഹം ഓസ്ട്രിയയിലെ ഒരു നഗരം പിടിച്ചെടുക്കുവാൻ പദ്ധതിയിട്ടു. നെപ്പോളിയന്‍റെ പട്ടാളം വരുന്നുവെന്നു കേട്ടപ്പോൾ ജനങ്ങൾ ആകെ പരിഭ്രാന്തിയിലായി. നഗരത്തെ പ്രതിരോധിക്കുവാൻ ഓസ്ട്രിയൻ പട്ടാളക്കാർ അവിടെ ഉണ്ടായിരുന്നില്ല.

നഗരാധിപൻ വേഗം സിറ്റി കൗണ്‍സിൽ വിളിച്ചുകൂട്ടി. നെപ്പോളിയന്‍റെ പടയാളികളുടെ മുൻപിൽ കീഴടങ്ങുകയല്ലാതെ മാർഗമില്ലെന്നു കൗണ്‍സിലംഗങ്ങൾക്കു തോന്നി. അപ്പോൾ, നഗരത്തിലെ പ്രധാന ദേവാലയത്തിലെ പുരോഹിതൻ പറഞ്ഞു: ന്ധന്ധഇന്ന് ഈസ്റ്ററാണ്. ദേവാലയത്തിലെ ഈസ്റ്റർ ആഘോഷത്തിനു സമയമായി. ഈസ്റ്റർ ആഘോഷം കഴിഞ്ഞിട്ടു നമുക്കു കീഴടങ്ങണമെങ്കിൽ കീഴടങ്ങാം. ദൈവം നമ്മുടെ കാര്യം നോക്കട്ടെ.’’

എല്ലാവർക്കും സ്വീകാര്യമായിരുന്നു ആ നിർദേശം. അവർ ഉടനേ ദേവാലയശുശ്രൂഷയ്ക്ക് ആളെ വിളിക്കുവാൻ പള്ളിയിലെ കൂട്ടമണിയടിച്ചു. പള്ളിയിലെ മണിനാദം കേട്ടപ്പോൾ നെപ്പോളിയന്‍റെ പട്ടാളക്കാർ ആ നഗരം ആക്രമിക്കാതെ പിന്തിരിഞ്ഞുപോയത്രേ. അവർ ആ നഗരം ആക്രമിക്കാതെ പിന്തിരിഞ്ഞുപോയതിന്‍റെ കാരണം വ്യക്തമല്ല.

എന്നാൽ, ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന വിശ്വാസത്തോടെ നഗരവാസികൾ ഈസ്റ്റർ ദിനത്തിലെ ദേവാലയശുശ്രൂഷയ്ക്കു തയാറായപ്പോൾ ദുരന്തം അവരെ കടന്നുപോയി.

നമ്മുടെ ജീവിതം ദൈവത്തിന്‍റെ കൈകളിൽ സമർപ്പിച്ചുകൊണ്ടു മുന്നോട്ടുപോയാൽ നമ്മുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകില്ലെന്ന് ഇതുകൊണ്ട് അർഥമാക്കേണ്ട. എന്നാൽ, ദൈവകരങ്ങളിൽ നമ്മെ സമർപ്പിച്ചു മുന്നോട്ടു പോവുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഏതു ദുരന്തത്തെയും സമചിത്തതയോടെ നമുക്കു നേരിടുവാൻ സാധിക്കുമെന്നു തീർച്ചയാണ്.

സംഭവിച്ചേക്കാവുന്ന ദുരന്തമോർത്തു നാം തീ തിന്നേണ്ട. അതിനു പകരം ദൈവത്തിന്‍റെ പരിപാലനയുടെ കുടക്കീഴിലാണ് നാമെല്ലാവരും എന്ന ചിന്തയിൽ നമുക്കാശ്വാസം കണ്ടെത്താം. അപ്പോൾ നമ്മുടെ ഭയാശങ്കകൾ സ്വാഭാവികമായും അപ്രത്യക്ഷമായിക്കൊള്ളും.
    
To send your comments, please clickhere